കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയിൽ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു, എബിവിപി വിദ്യാർഥി സംഘടനകൾ. വിദ്യാഭ്യാസ വകുപ്പും മന്ത്രിയും വൻ പരാജയമെന്ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു പ്രതികരിച്ചു. വൈദ്യുതി വകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും സ്കൂൾ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്ന് സംഘടനകൾ ആരോപിച്ചു.
സംഭവത്തിൽ കെഎസ്ഇബിയും സ്കൂൾ അധികൃതരും ഉത്തരവാദികളെന്ന് വൈദ്യുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭൂമിയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ല. സൈക്കിൾ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തതയില്ല. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്കും വീഴ്ചയുണ്ടായി. ലൈൻ കവചിത കേബിളുകൾ ആക്കി മാറ്റാൻ കെഎസ്ഇബി സ്കൂളിൻറെ അനുമതി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്മെൻ്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്കൂളിൻ്റെ മറുപടി. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താൻ കഴിയുകയുള്ളൂ. അനധികൃതമായി സൈക്കിൾ ഷെഡ് നിർമിച്ചതിന് സ്കൂൾ അധികൃതരും ഉത്തരവാദികളെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
20 വര്‍ഷത്തോളമായി സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കെട്ടാന്‍ കെഎസ്ഇബിയോ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും, ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ശിവന്‍ കുട്ടിയും പ്രതികരിച്ചിരുന്നു. സ്കൂളിന് ഫിറ്റ്നസ്‍ കിട്ടിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.