130-ാം ഭരണഘടനാ ഭേദഗതി ബില്‍: "ബിജെപി ഇതര സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ പുതിയ കുതന്ത്രം"; വിമർശിച്ച് മുഖ്യമന്ത്രി

അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ബിജെപി വിശദീകരിക്കണമെന്നും മുഖ്യമന്ത്രി
പിണറായി വിജയന്‍, അമിത് ഷാ
പിണറായി വിജയന്‍, അമിത് ഷാ
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. അതിനായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാർമികതയുടെ പേരിലാണെന്നു കൂടി ബിജെപി വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിണറായി വിജയന്‍, അമിത് ഷാ
തടവിലാക്കപ്പെട്ടാല്‍ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ അവർ രാജി വയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയന്‍, അമിത് ഷാ
മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രധാനമന്ത്രി... 30 ദിവസം ജയിലിലായാല്‍ സ്ഥാനം തെറിക്കും; എന്താണ് വിവാദ ബില്‍? എന്തുകൊണ്ട് പ്രതിഷേധം?

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com