

എറണാകുളം: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരൻ ജാമ്യത്തിൽ തുടരും. കുടുംബത്തിൻ്റെയും പൊലീസിൻ്റെയും അപ്പീലുകൾ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. എഫ്ഐആർ രജിസ്റ്റർ ചെയ്തത് തെറ്റെന്നും നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പോലും കാറ്റിൽ പറത്തിയെന്നും കോടതി. പതിനേഴുകാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിക്ക് ഹൈകോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് എതിരായ അപ്പീൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയതിനെ കോടതി വിമർശിച്ചു. സമാനമായ കേസിൽ, മനപ്പൂർവമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചുമത്തിയിട്ടുണ്ടോ എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അത്തരം എഫ്ഐആറുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്ത്തി പറഞ്ഞു. പതിനേഴുകാരന് ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയര്‍ന്നത്. ഇതോടെ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷേണ സംഘം ചേര്‍ത്തിരുന്നു.
17കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോട് ഈ ലിങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്. അത് ലഭിച്ചാല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.