ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടങ്ങൾ: കാസർഗോഡ് മാത്രം ഏഴ് മരണം; എട്ട് മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 25 പേർ
കാസർഗോഡ്: ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ കാസർഗോഡ് ജില്ലയിൽ മാത്രം മരിച്ചത് ഏഴുപേർ. എട്ട് മാസത്തിനിടെ അപകടങ്ങളിൽ 25 പേരാണ് മരിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കമ്പനികൾ വീഴ്ച വരുത്തുന്നതാണ് അപകടമരണങ്ങൾക്ക് കാരണമെന്നാണ് ആരോപണം.
കുമ്പളയ്ക്കും - മൊഗ്രാൽപുത്തൂരിനും ഇടയിലായി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണാണ് ഏറ്റവും ഒടുവിൽ തൊഴിലാളികൾ മരിച്ചത്. വടകര സ്വദേശികളും ഊരാളുങ്കലിലെ തൊഴിലാളികളുമായ അക്ഷയ്, അശ്വിൻ എന്നിവരായിരുന്നു മരിച്ചത്. മഞ്ചേശ്വരം – കുഞ്ചത്തൂർ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുമ്പോൾ ലോറി ഇടിച്ചുകയറി ബീഹാർ സ്വദേശികളായ രാജ്കുമാർ മാത്തൂർ, ദാമൂർ അമിത്ത് ഗണപതി ഭായി എന്നിവർക്ക് ജീവൻ നഷ്ടമായത് രണ്ട് മാസങ്ങൾക്ക് മുമ്പാണ്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ചെർക്കള ഫ്ലൈ ഓവർ നിർമാണത്തിനിടെ അസം സ്വദേശി റാക്കിബുൽ ഹഖ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീണ് മരിച്ചത് മൂന്ന് ദിവസം മുമ്പാണ്. ചെറുവത്തൂർ മട്ടലായിയിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചതും ഈ മഴക്കാലത്താണ്.
കാസർഗോഡ് ടൗണിൽ ഒറ്റത്തുൺ മേൽപ്പാല നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് മറ്റൊരു തൊഴിലാളിയും മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഏഴ് തൊഴിലാളികൾ മരിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനികളോ അത് നിരീക്ഷിക്കാൻ ഉദ്യോസ്ഥരോ തയ്യാറാവുന്നില്ല. ഇതരസംസ്ഥാന തൊഴിലാളകളുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങും എത്തിയില്ലെന്നും ആക്ഷേപമുണ്ട്.