

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ ഭരണത്തിലേറിയിട്ട് ഇന്നേക്ക് ആറ് മാസം പൂർത്തിയാകുന്നു. ആദ്യ ആറ് മാസത്തെ യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ പ്രതീക്ഷിച്ച നേട്ടങ്ങളെക്കാൾ പോരായ്മകൾ മുഴച്ചു നിൽക്കുന്നത് കാണാനാകും. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികൾ നടപ്പാക്കിയാണ് വി.ഡി. സതീശൻ സർക്കാർ ആറുമാസം പൂർത്തിയാക്കുന്നത്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും, ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തതും സർക്കാരിന് വലിയ കയ്യടി നേടിക്കൊടുത്തു.
വി.ഡി സതീശൻ്റെ പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ഇന്ദിര ഗാരൻ്റികൾ പ്രഖ്യാപിച്ചത്. സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രഖ്യാപനമെത്തി. പിന്നാലെ ആദ്യ മന്ത്രിസഭയിൽ തന്നെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. പിന്നാലെ അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവർക്കും ഓണറേറിയം ഉയർത്തി നൽകി. ക്ഷേമ പെൻഷൻ മുടക്കമില്ലാതെ വിതരണം ചെയ്തതും കുടിശ്ശിക തീർത്തതും സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിക്കെതിരായ പോരാട്ടത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. നടൻ മോഹൻലാൽ ആദ്യ തൂഫാൻ വാരിയറായ പദ്ധതി സ്കൂളുകളും കോളേജുകളും ഏറ്റെടുത്തു. രാജ്യത്ത് തന്നെ ആദ്യമായി വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സർക്കാരിൻ്റെ ശ്രദ്ധേയ ചുവടുവെപ്പാണ്.
വി.ഡി. സതീശൻ സർക്കാർ ആറുമാസം പിന്നിടുമ്പോൾ കോൺഗ്രസിലും മുന്നണിയിലും ഭിന്നത രൂക്ഷമാവുകയാണ്. പാർട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള അകലം വർധിക്കുന്നതിനിടെ, മുസ്ലീം ലീഗൊഴികെയുള്ള ഘടകകക്ഷികളിലും അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിൽ വരുംകാലം വലിയ രാഷ്ട്രീയ പൊട്ടിത്തെറികൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.
നിലവിലെ കെ.പി.സി.സി പ്രസിഡൻ്റ്, രണ്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റുമാർ, രണ്ട് മുൻ കെ.പി.സി.സി പ്രസിഡൻ്റുമാർ... വി.ഡി. സതീശൻ്റെ ഭാഷയിൽ പറഞ്ഞാൽ മന്ത്രിസഭാ യോഗം ഒരർഥത്തിൽ നേതൃയോഗം കൂടിയാണ്. എന്നിട്ടും സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കൂടിയായ മന്ത്രി സണ്ണി ജോസഫിൻ്റെ തുറന്നുപറച്ചിൽ.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ലാതെ ജനകീയ സമ്മർദ്ദത്തിലാണ് സതീശൻ മുഖ്യമന്ത്രിയായത്. അതിനാൽ നേതൃത്വത്തെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആരോപണം. ഭിന്നത കാരണം പുതിയ കെ.പി.സി.സി പ്രസിഡൻ്റിനെ പ്രഖ്യാപിക്കാനായിട്ടില്ല. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ മുന്നണി കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി പരിഗണിക്കുന്നേയില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച മുസ്ലീം ലീഗ് ഹാപ്പിയാണ്. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു തുടങ്ങിയെങ്കിലും മറ്റുള്ളവര്‍ കാഴ്ചക്കാരാണ്. കേരള കോൺഗ്രസ് ജോസഫ്, ആർ.എസ്.പി, സി.എം.പി തുടങ്ങിയ കക്ഷികൾ അതൃപ്തിയിലാണ്. പി.ജെ. ജോസഫിന് മാന്യമായ പദവി വേണമെന്ന ആവശ്യവും നടപ്പായില്ല.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോൾ, ഏറ്റവും കൂടുതൽ വിമർശനങ്ങളും വിവാദങ്ങളും നേരിട്ടത് ആരോഗ്യവകുപ്പാണ്. താൻ ചൂടിയിരിക്കുന്നത് മുൾക്കിരീടമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്നെ സമ്മതിക്കേണ്ടി വന്ന മാസങ്ങളാണ് കടന്നുപോയത്. മരുന്ന് ക്ഷാമത്തില്‍ തുടങ്ങി, ചികിത്സാ പിഴവുകളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിലെ വീഴ്ചകളിലും ഉൾപ്പെടെ ഇനിയും അവസാനിക്കാത്ത വിവാദങ്ങളിലൂടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്.
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് എന്ന നിലയില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനെ കടന്നാക്രമിച്ച കെ മുരളീധരന് വകുപ്പിന്റെ ചുമതലയിലേക്കെത്തി ആദ്യ ദിനം മുതല്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലായിരുന്നു. പകർച്ചവ്യാധി പ്രതിരോധത്തിലെ പാളിച്ചകളും ഡി.എച്ച്.എസ് സ്ഥലംമാറ്റ വിവാദങ്ങളുമായാണ് മന്ത്രി കെ. മുരളീധരൻ ഭരണം തുടങ്ങിയത്. തുടർന്നുണ്ടായ മരുന്ന് ക്ഷാമം വകുപ്പിലെ ഏകോപനമില്ലായ്മയിലേക്ക് വിരൽചൂണ്ടി. മരുന്ന് ക്ഷാമം മാധ്യമസൃഷ്ടിയാണെന്ന മന്ത്രിയുടെ പ്രതികരണവും, ചികിത്സാ പിഴവുകളിൽ ഉടൻ നടപടിയെടുക്കാനാവില്ലെന്ന നിലപാടുമാറ്റവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
എസ്എംഎ മരുന്ന് വിവാദത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെ മൂന്ന് വനിത ആരോഗ്യമന്ത്രിമാര്‍ ഒന്നിച്ച് വാര്‍ത്ത സമ്മേളനം വിളിച്ച അപൂര്‍വ കാഴ്ചക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. എസ് എം എ മരുന്ന് വിവാദത്തിൽ ഒരു വിധം തടിതപ്പിയ മന്ത്രി നിപ മരുന്നിൽ പ്രതിരോധത്തിലായി. പഴയ മരുന്ന് രോഗികൾക്ക് നൽകിയത് മൂലം മരിച്ചതായി സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ വിവാദം കനത്തു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തിയുള്ള ചികിത്സ ഒഴിവാക്കിയത് നേട്ടമായി.
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരായ നിലപാട് ജനരോഷത്തിന് കാരണമായി. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയതും, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നാല് പേരെ നിയമിച്ചിട്ടും ആരും ചുമതലയേൽക്കാത്തതും വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചു. മുഖ്യമന്ത്രിയുടെ ടാസ്ക് ഫോഴ്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യവൽക്കരണ ആരോപണങ്ങൾ ഉയരുമ്പോൾ, അതിൻ്റെ പഴി കേൾക്കേണ്ടി വരുന്നതും ആരോഗ്യമന്ത്രിയാണ്. ആശുപത്രികളിലെ ശോചനീയാവസ്ഥ അടക്കമുള്ള നിരവധി ആരോപണങ്ങള്‍ക്ക് നടുവിലാണ് ആരോഗ്യ വകുപ്പിൻ്റെ ആറ് മാസത്തെ പ്രയാണം.
ആറ് മാസം പൂർത്തിയാക്കുന്ന വി.ഡി.സതീശൻ സർക്കാരിന് ഏറ്റവും ഷോക്ക് ഏൽപ്പിച്ചത് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. പവർകട്ട് ഇല്ലാത്ത പത്ത് വർഷങ്ങൾ എന്നതായിരുന്നു പിണറായി വിജയൻ സർക്കാരിൻ്റെ അഭിമാന വാചകമെങ്കിൽ, സതീശൻ അധികാരമേറ്റ് പിറ്റേമാസം എത്തി അപ്രഖ്യാപിത പവർകട്ട്. പ്രഖ്യാപിത പവർകട്ട് പലപ്പോഴായി ഏകദേശം 45 ദിവസം വരെ ഉണ്ടായി. എൽനിനോ പ്രതിഭാസം മൂലമുള്ള മഴക്കുറവ്, സ്വൈപ്പ് സമ്പ്രദായത്തിൽ വൈദ്യുതി തിരികെ കൊടുക്കേണ്ടി വന്നത്, ഡിമാൻ്റ് 1000 മെഗാവാട്ട് വരെ ഉയർന്നത്, ദീർഘകാല കരാർ ഇല്ലാത്തത് എന്നിവയെല്ലാം തിരിച്ചടിയായി.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തെ കരാർ റദ്ദാക്കിയതിൻ്റെ പഴി എൽഡിഎഫ് സർക്കാരിൽ വെച്ച് പ്രതിരോധം തീർക്കാനാണ് സതീശൻ ശ്രമിച്ചത്. ഇതിനിടെ ഇടിത്തീയായി ജി.എൻ.എ കരാർ വിവാദം. ഹിമാചൽ സർക്കാരുമായി കരാർ ഉണ്ടാക്കുന്നതാണ് ഉചിതമെന്ന KSEB ചെയർമാൻ എംജി രാജമാണിക്യത്തിൻ്റെയും മന്ത്രി സണ്ണി ജോസഫിൻ്റെയും നിലപാട് തള്ളി, സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം മുഖ്യമന്ത്രിയുടെ കൈപൊള്ളിച്ചു.
മുഖ്യമന്ത്രിയും മന്ത്രിയും പരസ്പരം തള്ളിപ്പറയുന്ന അസാധാരണ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. 900 കോടിയുടെ നഷ്ടം എന്ന പ്രതിപക്ഷ ആരോപണം തലയിലാകും എന്ന സന്നിഗ്ധ ഘട്ടത്തിൽ സതീശൻ നീക്കം ഉപേക്ഷിച്ചു. പക്ഷെ കെഎസ്ഇബി ചെയർമാൻ സ്ഥാനം എം.ജി. രാജമാണിക്യത്തിന് നഷ്ടമായി. ഇതിനിടെ ഒക്ടോബർ മാസത്തിലേക്ക് വിഇഎച്ച് ഗ്ലോബലിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാനുള്ള കരാറും കരിനിഴലായി. വ്യവസ്ഥകൾ ലംഘിച്ചുള്ള കരാർ റെഗുലേറ്ററി കമ്മീഷൻ ചോദ്യം ചെയ്തതോടെ സർക്കാർ വീണ്ടും വെട്ടിലായി. ഈ വിവാദങ്ങൾക്കെല്ലാം കാരണമായതാകട്ടെ മന്ത്രിസഭയിലെ ലൂസ് കണക്ഷനും.