തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടെടേതാണ് ഉത്തരവ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.
പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത് പത്മകുമാറാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.