കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയ വേടൻ്റെ പാട്ട് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിസിക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജാണ് വിസി ഡോ: പി. രവീന്ദ്രന് പരാതി നൽകിയത്.
വേടൻ്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നവയാണ്. പുലിപ്പല്ല് കൈവശം വെച്ചതിന് നടപടി നേരിട്ടതും കത്തിൽ ഓർമിപ്പിക്കുന്നുണ്ട്. വേടൻ്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകൾ ഉൾപ്പെടുത്തണമെന്നും എ.കെ. അനുരാജ് വിസിയോട് ആവശ്യപ്പെട്ടു.
വേടൻ്റെ പാട്ടുകൾ സമൂഹത്തിലെ വലിയ വിഭാഗത്തെ എതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവയാണ്. പാട്ടുകളിലെ ഇതിവൃത്തം കേരളത്തിലെ ജാതിമത സമവാക്യങ്ങൾ തകർക്കുന്ന ആശയങ്ങളാണ്. ഇത് പലതും അടിസ്ഥാനരഹിതവുമാണെന്നും അനുരാജ് അവകാശപ്പെട്ടു. ഇസ്ലാം ദളിത് ഇടത് കൂട്ടായ്മകളെ ശ്രവിക്കുന്നവരുടെ ആശയങ്ങൾക്ക് ഊർജ്ജം പകരുന്ന ആശയങ്ങളാണ് വേടൻ്റെ പാട്ടുകൾ എന്നും എ.കെ. അനുരാജ് കത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഭൂമി ഞാന്‍ വാഴുന്നിടം എന്ന വേടൻ്റെ പാട്ട് ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സൻ്റെ 'They don't care about us' നൊപ്പമാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് ഇതിൻ്റെ ഭാഗമായി നടക്കുക. മലയാളം മൈനര്‍ കോഴ്‌സിൻ്റെ ഭാഗമായാണ് താരതമ്യ സാഹിത്യത്തില്‍ വേടൻ്റെ പാട്ടും ഉള്‍പ്പെടുത്തിയത്.
കൂടാതെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടൻ്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, റീല്‍സും വെബ് സീരീസും പോഡ്കാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.