

എറണാകുളം: കേരളത്തെ നടുക്കി കൊച്ചി ചേരാനല്ലൂരിലും നെടുമ്പാശേരി മോഡൽ വാഹനാപകടം. ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തട്ടുകട നടത്തിപ്പുകാരനായ 56 വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്. 17കാരനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രതി മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം, ബെൻസിൻ്റെ ദൃശ്യം പകർത്തിയത് പൊലീസ് ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് ജയബാലകൃഷ്ണൻ്റെ സഹോദരൻ പറഞ്ഞു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ല മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യറിൻ്റെ പേരിലാണ് കാർ. കാറിടിച്ച സ്കൂട്ടർ പൂർണമായും തകർന്നു. ലൈസൻസ് ഇല്ലാതെയാണ് ജഡ്ജിയുടെ മകൻ വാഹനമോടിച്ചിരുന്നത്. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് സംഭവം. കാർ അമിതവേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.