
തിരുവനന്തപുരം: വിഎസിനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി വിഎസിന്റെ മുന്‍ പിഎ, എ. സുരേഷ്. സിപിഐഎം നേതാക്കളായ സുരേഷ് കുറുപ്പിന്റെയും പിരപ്പന്‍കോട് മുരളയിയുടെയും പരാമര്‍ശങ്ങള്‍ തള്ളിക്കളയാന്‍ ആവില്ലെന്ന് എ. സുരേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനങ്ങളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും പ്രതിനിധികള്‍ക്കും മാത്രമാണ് പങ്കെടുക്കാനാവുക. 2012ലെ തിരുവന്തപുരത്തെ സിപിഐഎം സംസ്ഥാന സമ്മേളന സമയത്ത് മുരളി സംസ്ഥാന കമ്മിറ്റി അംഗവും 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സുരേഷ് കുറുപ്പ് പ്രതിനിധിയുമാണെന്നും എ സുരേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ആലപ്പുഴ സമ്മേളനത്തിലും ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെങ്കില്‍ അതിന്റെ ആധികാരികത വ്യക്തമാക്കേണ്ടത് സുരേഷ് കുറുപ്പ് തന്നെയാണ്. എന്നാല്‍ ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രം നടത്തിയ സമ്മേളനമായാണ് താന്‍ മനസിലാക്കുന്നതെന്നും എ. സുരേഷ് പറയുന്നു. പാര്‍ട്ടിയുണ്ടാക്കിയ ഒരു കമ്യൂണിസ്റ്റിനെ വേദിയിലിരുത്തി അദ്ദേഹത്തിനേക്കാള്‍ എത്രയോ പ്രായം കുറഞ്ഞ കുറേ പേര്‍ അധിക്ഷേപിക്കുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അത്തരത്തില്‍ അധിക്ഷേപിച്ചവര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് തന്നെ പോലുള്ളവര്‍ വിശ്വസിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
'2012ല്‍ അത്തരം ഒരു പരാമര്‍ശം നടത്തിയെന്ന് പിരപ്പന്‍കോട് മുരളി പറഞ്ഞിരുന്നു. അന്ന് അദ്ദേഹം സംസ്ഥാന കമ്മിറ്റി മെമ്പര്‍ ആയിരുന്നു. സ്വാഭാവികമായു അദ്ദേഹം പറഞ്ഞത് വിശ്വാസത്തില്‍ എടുത്തേ പറ്റൂ. അതേസമയം സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളത്തില്‍ പ്രതിനിധിയായിരുന്നു. പ്രതിനിധികള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. സുരേഷ് കുറുപ്പ് പറഞ്ഞതും വിശ്വാസത്തിലെടുക്കേണ്ടി വരും. പക്ഷെ അതിന്റെ ആധികാരികത അദ്ദേഹം തന്നെ പറയേണ്ടതായുണ്ട്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രം നടത്തിയ സമ്മേളനമായിട്ടാണ് നമ്മളെ പോലുള്ള ആളുകള്‍ മനസിലാക്കിയത്. അത്രത്തോളം വിഎസ് വധം ആട്ടക്കഥയായിരുന്നു ആ സമ്മേളനത്തില്‍. പാര്‍ട്ടിയുണ്ടാക്കിയ ഒരു കമ്യൂണിസ്റ്റിനെ വേദിയിലിരുത്തി അദ്ദേഹത്തിനേക്കാള്‍ എത്രയോ പ്രായം കുറഞ്ഞ കുറേ പേര്‍ അധിക്ഷേപിക്കുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അത്തരത്തില്‍ അധിക്ഷേപിച്ചവര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് എന്നെ പോലുള്ളവര്‍ വിശ്വസിക്കുന്നത്. വിഎസിനെ ഇരുത്തിക്കൊണ്ട് ഒരു പരാമര്‍ശം അല്ല, ഒരുപാട് പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും ഉണ്ടായതിന്റെ ഭാഗമായി, അദ്ദേഹത്തിന് ഇരിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിന്റെ ഭാഗമായാണ് അദ്ദേഹം ഇറങ്ങി പോയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സുരേഷ് കുറുപ്പ് കൂടി പറയുന്നതുകൊണ്ട് ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവര്‍ രണ്ട് പേരും പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല,' എ സുരേഷ് പറഞ്ഞു.
വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന വിവാദ പരാമര്‍ശം ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത് ഒരു 'കൊച്ചു പെണ്‍കുട്ടി'യാണെന്നായിരുന്നു
മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ കെ. സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. മാതൃഭൂമി പത്രത്തിലെ വാരാന്ത്യ പതിപ്പില്‍ വന്ന ലേഖനത്തിലാണ് സുരേഷ് കുറിപ്പ് ഇക്കാര്യം പറഞ്ഞത്. 'അങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്'എന്ന ഓര്‍മക്കുറിപ്പിലായിരുന്നു വെളിപ്പെടുത്തല്‍.
'അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല', എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.\
2012ല്‍ നടന്ന തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ വിഎസിന് ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കണെന്ന് ഒരു യുവ നേതാവ് പറഞ്ഞതായി സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന പിരപ്പന്‍കോട് മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് മുമ്പ് നടന്ന ഒരു സിപിഐഎം സമ്മേളനത്തില്‍ ഒരു യുവ നേതാവ് പറഞ്ഞെന്നും അത് എം. സ്വരാജ് ആയിരുന്നുവെന്നും വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ഇതിന് മറുപടിയായി എം.വി. ഗോവിന്ദന്‍ സ്വരാജിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം താന്‍ ഒരു യുവ നേതാവ് എന്ന് മാത്രമാണ് പറഞ്ഞതെന്നും അത് എം സ്വരാജിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞിരുന്നു. അന്നത്തെ മിനുട്ട്‌സ് നോക്കിയാല്‍ ആരാാണ് അത് പറഞ്ഞതെന്ന് വ്യക്തമാകുമെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. ഇതിനിടെയാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് എന്തുകൊണ്ട് ഇറങ്ങിപോയെന്ന തരത്തില്‍ അന്ന് ചര്‍ച്ചകളുണ്ടായിരുന്നു.