
അമിത ജോലി സമ്മര്‍ദം കാരണം യുവാക്കള്‍ ജീവനൊടുക്കുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവുമായി യുവജന സംഘടനയായ ഡിവൈഎഫ്‌ഐ. ഏണസ്റ്റ് ആന്‍ഡ് യങ് എന്ന കമ്പനിയില്‍ നിന്ന് അമിത ജോലി സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്ത അന്ന സെബാസ്റ്റ്യന്‍ മരിച്ചിട്ട് ജൂലൈ 20ന് ഒരു വര്‍ഷമാവുകയാണ്. ഈ പശ്ചാത്തലത്തില്‍ അന്നയുടെ വീട്ടില്‍ പോയതിന് ശേഷം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് യുവജന കണ്‍വെന്‍ഷനില്‍ ജോലി സമ്മര്‍ദ്ദം സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
ജൂലൈ 19ന് ഡല്‍ഹിയില്‍ നടത്തുന്ന യുവജന കണ്‍വെന്‍ഷനില്‍ ഈ പ്രശ്‌നം സജീവ ചര്‍ച്ചയാകുമെന്നും തുടര്‍ച്ചയായ സമരങ്ങള്‍, ക്യാംപെയിനുകള്‍ എന്നിവകൊണ്ട് മാത്രമേ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ സാധിക്കൂ. തൊഴിലാളികള്‍ക്ക് ജോലി സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള അവകാശമായ 'റൈറ്റ് ടു ഡിസ്‌കണക്ട്' എന്ന നിയമ നിര്‍മാണം നടപ്പാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
അധിക ജോലിഭാരം കാരണം ലോകത്തില്‍ ഏറ്റവും അധികം ജീവനക്കാര്‍ മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയും ഇൻ്റർ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
അന്ന മരിച്ച് ഒരു വര്‍ഷമായിട്ടും അതിന് ഉത്തരവാദികളായ ഒരാള്‍ക്കെതിരെ പോലും നടപടി ഉണ്ടായിട്ടില്ല. ഓല കമ്പനിയുടെ ബാംഗ്ലൂരിലെ എ.ഐ ഡിവിഷനില്‍ ജോലി ചെയ്തിരുന്ന നിഖില്‍ സോമവംശി സമാനമായ കാരണത്താല്‍ ആത്മഹത്യ ചെയ്തതും റഹീം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ വരുന്ന ജൂലൈ 20 അന്നാ സെബാസ്റ്റ്യന്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്നലെ എറണാകുളത്തെ അന്നയുടെ വീട്ടില്‍ പോയിരുന്നു.ഡിവൈഎഫ്‌ഐ അഖിലേന്ത്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ക് സി തോമസും,ഡി വൈ എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് നിഖില്‍ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
'വര്‍ക്ക് ലൈഫ് ബാലന്‍സ്'ഇല്ലാത്തതിന്റെ രക്തസാക്ഷിയാണ് അന്ന. ഏണസ്‌റ് ആന്‍ഡ് യങ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലായിരുന്നു അന്നയുടെ ജോലി.അമിത ജോലി സമ്മര്‍ദ്ദം കാരണം മരണപ്പെട്ടു പോയ അന്നയുടെ അമ്മ, കമ്പനി അധികൃതര്‍ക്ക് അയച്ച മെയില്‍ ആണ് വൈറല്‍ ആയത്. അതോടെയാണ് രാജ്യത്തെ ചെറുപ്പം അനുഭവിക്കുന്ന അടിമസമാനമായ ചൂഷണങ്ങളുടെ കഥ ജനങ്ങളുടെ ശ്രദ്ധയില്‍ വന്നത്.
ഒരു വര്‍ഷമാകുന്നു,അന്നയുടെ മരണത്തിനു ഉത്തരവാദികളായ ഒരാള്‍ക്ക് എതിരെ പോലും നടപടി വന്നിട്ടില്ല. ഇരകള്‍ അവസാനിക്കുന്നില്ല.കഴിഞ്ഞ മാസമാണ് ഓല കമ്പനിയുടെ ബാംഗ്ലൂരിലെ എ ഐ ഡിവിഷനില്‍ ജോലി ചെയ്തിരുന്ന നിഖില്‍ സോമവന്‍ഷി സമാനമായ കാരണത്താല്‍ ആത്മഹത്യ ചെയ്തത്.
ഡിവൈഎഫ്ഐ ജൂലൈ 19നു ഡല്‍ഹിയില്‍ നടത്തുന്ന യുവജന കണ്‍വെന്‍ഷനില്‍ ഈ പ്രശ്‌നം സജീവമായ ചര്‍ച്ചയാകും.തുടര്‍ച്ചയായ സമരങ്ങള്‍,ക്യാമ്പയിനുകള്‍ കൊണ്ട് മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിയൂ.''Right To Disconnect 'നിയമ നിര്‍മാണം വേണം.
അധിക ജോലിഭാരം കാരണം ലോകത്തില്‍ ഏറ്റവും അധികം ജീവനക്കാര്‍ മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നത്.
സമരമാവുക