തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയതിൽ ശാരീരിക മർദനം നടത്തിയിരുന്നതായി കുറ്റസമ്മതം നടത്തി ഭർത്താവ് അതുൽ. അതുലിന്റെ ക്രൂരത വിവരിച്ചുള്ള ആരതിയുടെ കുറിപ്പിന്റെ വിശദാംശങ്ങളും പുറത്ത് വന്നു. അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ ആരതി പറയുന്നുണ്ട്. ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു. തന്നെയല്ല പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടമെന്നും ആരതി പറയുന്നു. പരമാവധി മുറിവുകൾ ഉണ്ടാക്കാതെയായിരുന്നു പീഡനം. വിവാഹത്തിന് നൽകിയ സ്ത്രീധനം സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. മരിക്കാൻ പേടിയാണെന്ന് ആരതി പറയുന്ന ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചു.
ആരതി അമ്മയുമായി നടത്തിയ വാട്സാപ്പ് ചാറ്റിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശരീരത്തിൽ മുറിവേറ്റതിൻ്റെ പാടുകളുള്ള ഫോട്ടോ അമ്മയ്ക്ക് അയച്ച് നൽകിയിരുന്നു. ആശുപത്രിയിൽ പോകാൻ അമ്മ നിർദേശിച്ചു. പരിക്ക് പറ്റിയാലും അതുൽ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്ന് ആതിര പറയുന്നതും ചാറ്റിലുണ്ട്.
കഴിഞ്ഞ ദിവസമാണ് വർക്കല സ്വദേശിയായ ആരതി ആറ്റുകാലിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ഇത് ഭർത്താവിൽ നിന്നുള്ള കടുത്ത ശാരീരിക-മാനസിക പീഡനത്തെ തുടർന്നാണെന്ന് ആരതിയുടെ കുടുംബം ആരോപിച്ചിരുന്നു. ആരതിയുടെ ഡയറിയിൽ നിന്നും ഇത് സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.