

രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ റിയാദില്‍ ജയിലായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹീം നാട്ടിലെത്തി. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലാണ് റഹീം മടങ്ങിയെത്തിയത്.
രാവിലെ 7.35 ഓടെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ വിമാനത്താവളത്തില്‍ എത്തിച്ച് എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരും കുടുംബവും മടക്കയാത്രയിലുണ്ട്.
റഹീമിനെ സ്വീകരിക്കാനായി ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. ബലിപെരുന്നാള്‍ ദിവസം റഹീം നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണ് കുടുംബവും.
20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുള്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോചനദ്രവ്യം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു.
സൗദി ഭിന്നശേഷിക്കാരനായ ബാലന്റെ മരണം മനഃപൂര്‍വല്ലാത്ത കൈപ്പിഴ മൂലമായിരുന്നു എന്ന തെളിഞ്ഞെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. 34 കോടി രൂപയായിരുന്നു ദിയാധനമായി റഹീമിനായി സമാഹരിച്ച് നല്‍കിയത്.