

എറണാകുളം: സിഎംആർഎൽ-എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരാറിൽ വിശദമായ അന്വേഷണം നടത്തും. വീണയ്ക്ക് സിഎംആർഎല്ലുമായി കരാർ വന്നത് എങ്ങനെയെന്ന് അന്വേഷിക്കും. കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
അതേസമയം, കേസിൽ വീണ ടിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് തവണ ഇതുവരെ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച രേഖകൾ ഇ.ഡി പരിശോധിച്ച് വരികയാണ്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ എന്ത് സേവനമാണ് വീണയുടെ കമ്പനി സിഎംആർഎല്ലിന് നൽകിയത് എന്നത് സംബന്ധിച്ച് ഒന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ എന്തിനാണ് വീണയ്ക്കും എക്സാലോജിക്കിനും സിഎംആർഎൽ പണം നൽകിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇക്കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നാണ് ഇ.ഡിയുടെ നിലപാട്. തുടർന്നാണ് വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.