പത്തനംതിട്ട: കാനനപാതയിലൂടെ ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പൻമാരുടെ സ്‌നാന കേന്ദ്രമാണ് ഉരക്കുഴി. പമ്പയുടെ കൈവഴിയായ കുമ്പളം തോട്ടിലാണ് ഭക്തർക്ക് നവോന്മേഷം പകരുന്ന ഉരക്കുഴി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന കുംഭ ദള തീർഥം. മഹിഷീ നിഗ്രഹത്തിന് ശേഷം അയ്യപ്പ സ്വാമി കുംഭ ദള തീർഥത്തിൽ സ്നാനം ചെയ്തുവെന്നാണ് ഐതിഹ്യം.
പുണ്യനദിയായ പമ്പയുടെ കൈവഴിയിലാണ് ഉരക്കുഴി. ശബരിമല സന്നിധാനത്ത് നിന്ന് വിളിപ്പാടകലെ മലമുകളിലെ ചോലവനത്തിനുള്ളിലായാണ് ഈ ചെറു വെള്ളചാട്ടം. കാടും മേടും താണ്ടി, പുല്ല് മേട് വഴി കാനനപാതയിലൂടെ വരുന്ന അയ്യപ്പ ഭക്തർ ഇവിടെ മുങ്ങികുളിച്ച ശേഷമാണ് സന്നിധാനത്തെത്തുന്നത്.
മഹിഷീ നിഗ്രഹത്തിന് ശേഷം അയ്യപ്പസ്വാമി ഉരക്കുഴിയിലെത്തി സ്നാനം ചെയ്തുവെന്നാണ് ഐതിഹ്യം. അതുകൊണ്ടു തന്നെ സന്നിധാനത്തിന് അടുത്തുള്ള ഉരക്കുഴിയിലെത്തി മുങ്ങി കുളിയ്ക്കുക എന്നത് അയ്യപ്പ ഭക്തർക്ക് ഏറെ നിർവൃതി നൽകുന്നു. ഇവിടെ ദേഹശുദ്ധി വരുത്തിയാൽ തങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടുമെന്നാണ് വിശ്വാസം.
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കുമ്പളം തോട്ടിൽ പാറകെട്ടിന് മുകളിൽ നിന്ന് താഴേക്ക് പതിയ്ക്കുന്നതാണ് ഉരക്കുഴി വെള്ളച്ചാട്ടം. കുമ്പളത്തോട് പ്രദേശത്തേക്ക് മണ്ഡലകാലത്തും പ്രതിമാസ പൂജാ സമയത്തും മാത്രമാണ് ഭക്തർക്ക് പ്രവേശനം ഉള്ളത്.