

കോഴിക്കോട്: തിരുവമ്പാടി കെഎസ്ആർടിസി ബസ് കവർച്ചാ കേസിലെ പ്രതി 36 വർഷത്തിന് ശേഷം പിടിയിൽ. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി.കെ. ജോസ് ആണ് പിടിയിലായത്. കേരള-കർണാടക പൊലീസിന്റെ സംയുക്ത നീക്കത്തിലായിരുന്നു അറസ്റ്റ്. കുടുംബവഴക്കിനെ തുടർ ഭാര്യയാണ് പൊലീസിനെ വിളിച്ചത്.
തിരുവമ്പാടിയില്‍ വച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ തോക്കുചൂണ്ടി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ജോസ്. 1990ലായിരുന്നു സംഭവം. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ അന്ന് ഇയാള്‍ മൈസൂരുവിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് മൈസൂരുവിൽ തന്നെ ശിവകുമാര്‍ എന്ന വ്യാജ പേരില്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കുടുംബവഴക്കിനിടെ ഭാര്യ പൊലീസിനെ വിളിച്ചതോടെയാണ് ജോസിന് പിടിവീഴുന്നത്. സ്ഥലത്തെത്തിയ പൊലീസിന് സംശയം തോന്നി വീട് പരിശോധിച്ചു. കിടക്കയുടെ അടിയില്‍ നിന്നും തോക്ക് ലഭിച്ചതോടെ പൊലീസ് കുടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് കേരളാ പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് പൊലീസെത്തി ജോസിനെ പിടികൂടി.