തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് നടത്തിയതിൽ കുറ്റം സമ്മതിച്ച് പ്രതികൾ. വിനീത, രാധാകുമാരി എന്നിവരായിരുന്നു അട്ടകുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. അതിന് ശേഷം തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്ന് അറിയുന്നതിന് വേണ്ടി പ്രതികളെ കൊണ്ട് കുറ്റം നടത്തിയ രീതി അന്വേഷണസംഘം പുനരാവിഷ്കരിച്ചിരുന്നു. ഈ സമയത്ത് പ്രതികൾ തട്ടിപ്പ് നടത്തിയ രീതി കൃത്യമായി വിവരിച്ച് നൽകിയെന്നാണ് ലഭ്യമാകുന്ന വിവരം.
ജീവനക്കാരായ മൂന്നു പേർ ചേർന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയ കൃഷ്ണകുമാർ പരാതി നൽകിയിരുന്നത്.
മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു.
2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവിൽ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്.