കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി സവാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സംഭവത്തിനുശേഷം ഒളിവിൽ പോയ സവാദ് തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത്. 2023-ലും സമാനമായ കേസിൽ സവാദ് അറസ്റ്റിലായിരുന്നു.
ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എറണാകുളം - തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ വെച്ചാണ് സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി പ്രതികരിക്കുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തതോടെ പേരാമംഗലത്ത് വച്ച് സവാദ് ബസിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സവാദിൻ്റെ ടവർ ലൊക്കേഷനുകളും സോഷ്യൽ മീഡിയ ഹാന്റിലുകളുടെ ഉപയോഗവും പൊലീസ് നിരീക്ഷിച്ചു. ഒടുവിൽ തമിഴ്നാട്ടിൽ നിന്നുമാണ് സവാദ് പിടിയിലായത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിക്കുന്നത്.
2023ലും സമാന രീതിയിൽ മറ്റൊരു സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് അറസ്റ്റിലായിട്ടുണ്ട്. നെടുമ്പാശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ സഹിതം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് പരാതി നൽകിയത്. അന്ന് പരാതി നൽകിയ യുവതി വലിയ രീതിയിലുള്ള സൈബറാക്രമണവും നേരിട്ടു. വീണ്ടും അറസ്റ്റിലായ സവാദിനെതിരെ മുൻപ് പരാതി നൽകിയ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. അന്നത്തെ കേസിൽ പുറത്തിറങ്ങിയശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാൾ സ്ഥിരം അതിക്രമം നടത്തിയിട്ടുണ്ടെന്നും ഒരുപാട് പേർ തനിക്ക് മേസേജ് അയച്ചിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്.