കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഷെറിൻ ജയിൽ മോചിതയായി. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇറങ്ങിയത്. അതീവ രഹസ്യമായാണ് നടപടികൾ പൂർത്തിയാക്കിയത്. ജൂലൈ 23 വരം ഷെറിന് പരോൾ നൽകിയിരുന്നു. ഷെറിനെ ജയിൽ മോചിതയാക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തുവിട്ടതിന് പിന്നാലെ ജയിൽ അധികൃതർ ഷെറിനെ വിളിച്ച് വരുത്തുകയായിരുന്നു.
2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കരക്കാരണവരെ ഇളയമകൻ ബിനു പീറ്ററിൻ്റെ ഭാര്യയായ ഷെറിൻ കൊലപ്പെടുത്തിയത്. 2001ലാണ് ഇവർ വിവാഹം നടന്നത്.
ഷെറിനെ സ്വത്തുകളുടെ ഉടമസ്ഥാവകാശത്തിൽ നിന്നും ഒഴിവാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.ഷെറിനും സുഹൃത്ത് ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവരും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഷെറിനാണ് കേസിൽ ഒന്നാം പ്രതി. ബാസിത് രണ്ടാം പ്രതിയും. സാമൂഹിക മാധ്യമമായ ഓർക്കുട്ട് വഴി ഷെറിൻ ഇയാളുമായുള്ള സൗഹൃദം സ്ഥാപിക്കുകയായിരുന്നു.