

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്ഐ-പൊലീസ് കയ്യാങ്കളി വിവാദത്തിനിടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കൻ്റോൺമെൻ്റ് എസ്ഐ ഗോകുലിനെതിരെ നടപടിയ്ക്ക് സാധ്യത. സംഭവത്തിൽ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.
വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് എസ്ഐ ഭീഷണി മുഴക്കിയത്. ഓഡിയോ സന്ദേശം വിവാദമായതോടെ എസ്ഐ ഗോകുലിനെ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയതായാണ് വിവരം. കൂടാതെ വകുപ്പ് തല അന്വേഷണത്തിന് എഡിജിപി നിർദേശം നൽകുകയും ചെയ്തു.
കൻ്റോൺമെൻ്റ് എസ്ഐ ഗോകുൽ, സിഐ സതീഷ് കുമാർ എന്നിവർക്കെതിരെ ഇന്നലെ എസ്‌എഫ്ഐ നേതൃത്വം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾക്കിടയിലേക്ക് കൻ്റോൺമെൻ്റ് പൊലീസിൻ്റെ അനാവശ്യ ഇടപെടൽ ഉണ്ടാകുന്നുവെന്നും, വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന നേതൃത്വം പരാതി നൽകിയത്.
പിന്നാലെയാണ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി സന്ദേശം വന്നത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്നും, ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ ഉള്ളതുകൊണ്ടാണ് ഇപ്പോൾ മര്യാദയ്ക്ക് പോകുന്നതും എന്നുമാണ് എസ്ഐ ഗോകുലിൻ്റെ ഫോൺ സംഭാഷണം.
ഫോൺ സംഭാഷണം പുറത്തുവന്നതിനെ തൊട്ട് പിന്നാലെ വകുപ്പുതല അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയൻ നിർദേശം നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ അരുൾ.ബി. കൃഷ്ണയെ ചുമതലപ്പെടുത്തി.