തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രധാനമായ കാര്യമാണെന്ന് നടൻ മധു. വോട്ടർ പട്ടികയെക്കുറിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വോട്ടർ പട്ടിക പരിഷ്കരണം ഒരു ശുദ്ധീകരണം പോലെയാണ്. നാടിന്റെയും നമ്മുടെയും നന്മയ്ക്ക് വേണ്ടിയുള്ളതാണ് ഇത്. വോട്ടവകാശം ഉള്ള എല്ലാവരും പങ്കെടുക്കണം. മുതിർന്നവരും ഇതിന്റെ ഭാഗമാകണം. ഇതൊരു കടമയാണ് എന്നും മധു പറഞ്ഞു. കേരളത്തിൽ നടക്കാനിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വീട്ടിലെത്തിയപ്പോഴായിരുന്നു മധുവിൻ്റെ പ്രതികരണം. മധുവിന് രത്തൻ യു. ഖേൽക്കർ എന്യൂമറേഷൻ ഫോം കൈമാറി. എസ്ഐആറുമായി ബന്ധപ്പെട്ട പ്രക്രിയകൾ ആരംഭിച്ചതായും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
ജനങ്ങളുടെ ഭാഗത്തുനിന്നും എല്ലാ സഹായവും സഹകരണവും ലഭിക്കുന്നുണ്ട്. ചിലർ അപ്പോൾ തന്നെ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകുന്നുണ്ട്. ഒരു മാസം സമയം ഉണ്ട്. 20 ദിവസത്തിനകം തന്നെ മുഴുവൻ ഫോമും വിതരണം ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ. 2002ലെ വോട്ടർ പട്ടികയുടെ പകർപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽക്കുന്ന കാര്യം പരിഗണനയിലാണ്. കൃത്യമായ വോട്ടർ പട്ടിക ഉണ്ടാകണമെന്നത് എല്ലാവരുടെയും ലക്ഷ്യമാണ്, രത്തൻ യു. ഖേൽക്കർ.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അർഹതപ്പെട്ട എല്ലാവരും ലിസ്റ്റിൽ ഉണ്ടാകും. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ശനിയാഴ്ചയും രാഷ്ട്രീയ പാർട്ടികളുമായി യോഗം ചേരും. എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ അവർക്ക് മുന്നോട്ടുവയ്ക്കാമെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു.