

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദനവുമായി നടന്‍ മമ്മൂട്ടി. രാജ്യത്ത് തന്നെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് കേരളത്തിലാണെന്നത് അഭിമാനകരമായ കാര്യമാണെന്നും എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
'രാജ്യത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രി ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് വായിച്ചത്. ചരിത്രത്തിലെ വലിയൊരു നാഴികക്കല്ല് താണ്ടിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,' മമ്മൂട്ടി കുറിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നേരത്തെയും ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രാജ്യത്ത് ആദ്യമാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കാനും സാധിച്ചു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ കുറിപ്പ്.
നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ കാമിക്കാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയില്‍ മിടിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപ്തരിയില്‍ തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഷിബുവിന്റെ ഹൃദയം വേര്‍പെടുത്തിയത്. തുടര്‍ന്ന് 2.05ന് ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ മൂന്ന് മണിയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ആറ് മണിയോടെ തന്നെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം ശസ്ത്രക്രിയ വിജയകരമാണെന്നും രോഗിയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.