

തിരുവനന്തപുരം: അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് തന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം.
'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്‌നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്‌നേഹം, പ്രാര്‍ത്ഥന,' മോഹന്‍ലാല്‍ കുറിച്ചു.
ഡിസംബര്‍ 30 ചൊവ്വാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്.