
മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ വിജയ രാഘവന്‍. ലഭിച്ചത് രാജ്യത്തിന്റെ അംഗീകാരമാണെന്നും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിജയരാഘവന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയ രാഘവന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത്.
അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ലഭിച്ചത് രാജ്യത്തിന്റെ അംഗീകാരമാണ്. എന്റെ എല്ലാം സിനിമ മാത്രമാണ്. 42 വര്‍ഷം കഴിഞ്ഞു മലയാള സിനിമയില്‍. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകന്റെ ഇഷ്ടമാണ് നയിക്കുന്നത്. അംഗീകാരങ്ങള്‍ കൃത്യസമയത്ത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. ഈ അംഗീകാരവും വൈകിയിട്ടില്ല,' വിജയരാഘവന്‍ പറഞ്ഞു.
അവാര്‍ഡ് ലഭിച്ച പൂക്കാലത്തിലെ കഥാപാത്രത്തിനായി ഭാരം കുറച്ചതടക്കം ഒരുപാട് കഷ്ടപ്പെട്ടു. അവാര്‍ഡ് അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടിയുള്ള അംഗീകാരമാണെന്നും വിജയ രാഘവന്‍ പറഞ്ഞു.
ആശംസ അറിയിച്ച് നിരവധി ഫോണുകള്‍ വന്നു. കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ലീലയിലെ പിള്ളേച്ചനാണെന്നും എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെന്നും വിജയ രാഘവന്‍ പറഞ്ഞു.
വിജയരാഘവന്റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉര്‍വശി സ്വന്തമാക്കി.
ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനും ട്വല്‍ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും പങ്കിട്ടു. റാണി മുഖര്‍ജിയാണ് മികച്ച നടി. മസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.