ജനപ്രിയ നായകന്‍ എട്ടാം പ്രതി, 28 സാക്ഷികള്‍ കൂറുമാറി; നടിയെ ആക്രമിച്ച കേസ് നാള്‍വഴി

ദിലീപ് അടക്കം ഒമ്പത് പ്രതികളാണ് കേസില്‍ ഉള്ളത്.
ജനപ്രിയ നായകന്‍ എട്ടാം പ്രതി, 28 സാക്ഷികള്‍ കൂറുമാറി; നടിയെ ആക്രമിച്ച കേസ് നാള്‍വഴി
Published on
Updated on

കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ ഒടുവില്‍ വിധി പ്രഖ്യാപനം വരികയാണ്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപ് അടക്കം ഒമ്പത് പ്രതികളാണ് കേസില്‍ ഉള്ളത്.

മലയാള സിനിമയിൽ ആദ്യമായി സ്ത്രീകൾക്കായി സ്ഥാപിച്ച ഡബ്ല്യൂസിസിയുടെ രൂപീകരണത്തിലേക്ക് നയിച്ചതും ഈ സംഭവമായിരുന്നു.

2017 ലാണ് ഡബ്ല്യൂസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) രൂപീകരിക്കുന്നത്. സിനിമാ ലോകത്ത് ലിംഗാധിഷ്ഠിത പ്രശ്നങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധത്തോടുള്ള പ്രതികരണമായിട്ടാണ് ഈ സംഘടന സ്ഥാപിച്ചത്.

ജനപ്രിയ നായകന്‍ എട്ടാം പ്രതി, 28 സാക്ഷികള്‍ കൂറുമാറി; നടിയെ ആക്രമിച്ച കേസ് നാള്‍വഴി
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്; ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹജരാകണം

കേസിന്റെ നാള്‍വഴി:

2017 ഫെബ്രുവരി 17: ന് രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ ദൃശ്യങ്ങള്‍ അടക്കം പ്രധാന പ്രതി പള്‍സര്‍ സുനി പകര്‍ത്തിയിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ വാര്‍ത്ത പുറത്തുവരികയും ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലാകുകയും ചെയ്തു.

2017 ഫെബ്രുവരി 18: പള്‍സര്‍ സുനിയാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായതോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. കേസന്വേഷണത്തിനായി ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി.

2017 ഫെബ്രുവരി 19: പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ പിടിയിലായി. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ നടന്ന സിനിമാ കൂട്ടായ്മയില്‍ നടി മഞ്ജു വാര്യരാണ് നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പറയുന്നത് . ഈ പരിപാടിയില്‍ ദിലീപും പങ്കെടുത്തിരുന്നു.

2017 ഫെബ്രുവരി 20: പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠന്‍ പാലക്കാട് പിടിയിലായി.

2017 ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് അതിനാടകീയമായി എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതി മുറിയില്‍നിന്നു ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

2017 മാര്‍ച്ച് മൂന്ന്: ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.

2017 ഏപ്രില്‍ 18: പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ ഏഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

2017 ജൂണ്‍ 28: ദിലീപ്, നാദിര്‍ഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ മൊഴിയെടുത്തു.

2017 ജുലൈ രണ്ട്: ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവ് പുറത്തുവന്നു.

2017 ജൂലൈ 10: ദിലീപ് അറസ്റ്റില്‍

2017 ജൂലൈ 11: റിമാന്‍ഡിലായ നടന്‍ ആലുവ സബ് ജയിലിലേക്ക്

2017 ജൂലൈ 20: പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അറസ്റ്റിലായി. തെളിവ് നശിപ്പെച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

2017 ഓഗസ്റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫും അറസ്റ്റിലായി.

2017 ഓഗസ്റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ദിലീപിന്റെ അമ്മയുടെ കത്ത്.

2017 ഒക്ടോബര്‍ മൂന്ന്: കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

2017 നവംബർ ഒന്ന് : മലായള സിനിമാ മേഖലയിലെ സ്ത്രീകൾക്കായി ഡബ്ല്യൂസിസി രൂപീകരിച്ചു.

2017 നവംബര്‍ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

2018 ജനുവരി: വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് നടിയുടെ ഹര്‍ജി

2018 ഫെബ്രുവരി 25: കേസില്‍ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് നിയമനം

2020 ജനുവരി 30: കേസില്‍ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. അടച്ചിട്ട കോടതിയിലെ വിചാരണയില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേഷന്‍ ഹാജരായി. സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികള്‍ കൂറുമാറി.

2020 നവംബര്‍ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി.

2021 മാര്‍ച്ച് 1 : വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്.

2021 ജുലൈ: കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും വിചാരണ സമയം നീട്ടി തരണമെന്ന് കോടതി ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ജഡ്ജ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി.

2021 ഡിസംബര്‍: ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടിരുന്നുവെന്ന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

2022 ജനുവരി 3: ദിലീപിനെതിരെ തുടരന്വേഷണം. ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.

2022 ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി

2022 ജുലൈ 18: കേസില്‍ മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാര്‍ ചുമതലയേറ്റു.

2022 ഒക്ടോബര്‍ 22: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്റെ ഭാഗമാക്കി.

ദിലീപിന്റെ സുഹൃത്ത് ശരത്തും കേസില്‍ പ്രതിയായി. തെളിവ് നശിപ്പിച്ചുവെന്നായിരുന്നു കുറ്റം.

2023 മാര്‍ച്ച് 24: വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസം കൂടി സമയം വേണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം.

2023 ഓഗസ്റ്റ്: ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയില്‍.

2023 ഓഗസ്റ്റ് 21: ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

2023 ഓഗസ്റ്റ്: അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി.

2024 മാര്‍ച്ച് 3: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com