"അയാള്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചു, സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചു"; യുവ നേതാവിനെതിരെ ആരോപണങ്ങളുമായി നടി റിനി

ആ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാൾ' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തൽ
നടി റിനി ആൻ ജോർജ്
നടി റിനി ആൻ ജോർജ്Source: News Malayalam 24x7
Published on

കൊച്ചി: യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ്. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. 'അയാളുടെ' പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി. ആ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാൾ' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തൽ.

"ഏതെങ്കിലും പാർട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്സ്' എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞത്. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു," റിനി പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. തനിക്കെന്റെ സ്വന്തം പിതാവിനെ പോലെയാണ്. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ 'അത് അവന്റെ മിടുക്ക്' എന്ന് പറഞ്ഞു. 'ഹൂ കെയേഴ്സ്' എന്നാണ് എപ്പോഴും അയാളുടെ മനോഭാവമെന്നും നടി കൂട്ടിച്ചേർത്തു.

നടി റിനി ആൻ ജോർജ്
"പ്രമുഖ യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായി"; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവ നടിയുടെ വെളിപ്പെടുത്തല്‍

സമൂഹമാധ്യമം വഴി മൂന്നര വർഷം മുന്‍പാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. നല്ല സൗഹൃദമാണ് പ്രതീക്ഷിച്ചതെങ്കിലും ആദ്യം തന്നെ മോശം രീതിയിലാണ് 'അയാള്‍' സംസാരിച്ചത്. ഇദ്ദേഹത്തോട് ആദ്യം ദേഷ്യപ്പെട്ടു. സമൂഹത്തിന് മാതൃകയാവേണ്ട ആളല്ലേയെന്ന് ഉപദേശിച്ചു. പ്രമാദമായ സ്ത്രീ പീഡന കേസുകളില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു ഇയാളുടെ മറുപടി എന്നും റിനി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഈ വ്യക്തിയെപ്പറ്റി പല ആരോപണങ്ങള്‍ വന്നുവെങ്കിലും ഒരു സ്ത്രീയും വെളിപ്പെടുത്തലുമായി രംഗത്തുവരുന്നില്ല. മുഖ്യധാര മാധ്യമങ്ങള്‍ വാർത്ത ഏറ്റെടുത്തില്ല. അയാള്‍ കാരണം പീഡനം അനുഭവിച്ച പെണ്‍കുട്ടികള്‍ ധൈര്യമായി മുന്നോട്ട് വരണം. വലിയ ഒരു സംരക്ഷണ സംവിധാനം തന്നെ ഈ വ്യക്തിക്കുണ്ട്. പരാതിപ്പെടും എന്ന് പറഞ്ഞപ്പോള്‍ പോയി പറയാനാണ് തന്നോട് പറഞ്ഞതെന്നും റിനി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com