എറണാകുളം: ലോണ്‍ ആപ്പുകള്‍ക്കെതിരെ ജനങ്ങൾ കരുതലോടെ നീങ്ങണമെന്ന് എഡിജിപി എസ്. ശ്രീജിത്ത് ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു. 186 ലോണ്‍ ആപ്പുകളെയാണ് കേരള പൊലീസ് തകർത്തത്. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോൺ ആപ്പുകൾ കൂടുതലും പ്രവർത്തിക്കുന്നതെന്നും ആപ്പുകൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജും വടകരയിൽ കാണാതായ 25കാരൻ വിഷ്ണുവും ലോൺ ആപ്പിൽ നിന്ന് വലിയ ഭീഷണി നേരിട്ടിരുന്നുവെന്നതിൻ്റെ വാർത്ത നിലനിൽക്കുന്നതിനിടെയാണ് എഡിജിപി എസ്. ശ്രീജിത്തിൻ്റെ പ്രതികരണം.
ഈടില്ലാതെ പണം കൊടുക്കുന്നതാണ് ലോൺ ആപ്പുകളുടെ ചതിക്കുഴിയെന്ന് എഡിജിപി എസ്. ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. നമ്മുടെ സ്വകാര്യതയും സ്വച്ഛതയുമാണ് ഈടായി നൽകുന്നത്. 70 ശതമാനം വരെയാണ് ലോൺ ആപ്പുകൾ പലിശ ഈടാക്കുന്നത്. പരാതിക്കാരിൽ ഏറെപ്പേരും കേസുമായി മുന്നോട്ട് പോകാൻ മടി കാണിക്കുന്നുവെന്നും എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
ജനങ്ങളുടെ സഹകരണം ലഭിച്ചാല്‍ ആപ്പുകളെ പൂട്ടാന്‍ പൊലീസിനാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോൺ ആപ്പുകളിൽ പെട്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് പൊലീസിനെ സമീപിക്കണം. ഫോണ്‍ ചോര്‍ത്തി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ പൊലീസിനെ അറിയിക്കണം. സഹായിക്കാൻ പൊലീസ് സജ്ജമാണെന്നും കേരള പൊലീസ് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.