

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ പോറ്റിക്കൊപ്പമുള്ള ചിത്ര വിവാദത്തിൽ വിശദീകരണവുമായി അടൂർ പ്രകാശ്. സോണിയാ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നാണ് അടൂർ പ്രകാശിൻ്റെ വിശദീകരണം. ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിയില്ലയിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു.
സോണിയ ഗാന്ധിയെ കാണാൻ പോറ്റിയും ഗോവർധനും പോയത് എന്ത് ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. അടൂർ പ്രകാശിനും ആൻ്റോ ആൻ്റണിക്കും പോറ്റിയുമായി എങ്ങനെയാണ് ഇത്ര അടുത്ത ബന്ധം ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
എന്നാൽ അന്നത്തെ കൂടിക്കാഴ്ചയിൽ പോറ്റി നടത്തിവന്ന സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചാണെന്ന് സംസാരിച്ചതെന്ന് അടൂർ പ്രകാശ് പറഞ്ഞു. ചാനൽ ചർച്ചയ്ക്ക് പോകുന്നവർ ഉന്നയിക്കുന്ന പോലുള്ള അക്ഷേപമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും അടൂർ പ്രകാശ് വിമർശിച്ചു.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. എൻ. സുബ്രഹ്മണ്യൻ പങ്കുവെച്ച ചിത്രം എഐ ആണെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. ഇതിന്റെ പിന്നിലെ വസ്തുത വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.