തെരഞ്ഞെടുപ്പ് സമയത്ത് ആറ്റിങ്ങലില്‍ താന്‍ കള്ള വോട്ടുകള്‍ കണ്ടെത്തിയിരുന്നതായി അടൂർ പ്രകാശ് എംപി. ഒരു ലക്ഷത്തി പതിനാലായിരം കള്ള വോട്ടുകൾ ആറ്റിങ്ങലിൽ മത്സരിക്കാൻ എത്തിയപ്പോൾ കണ്ടെത്തിതായാണ് ആരോപണം. ചില നേതാക്കളുടെ മക്കൾക്ക് ഉൾപ്പെടെ കള്ള വോട്ട് ഉണ്ടെന്ന് കണ്ടെത്തിയെന്നും പരാതി നൽകിയിരുന്നെന്നും കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.
ബിജെപിയും സിപിഐഎമ്മും ആണ് കള്ള വോട്ടുകള്‍ക്ക് നേതൃത്വം കൊടുത്തതെന്ന് അടൂർ പ്രകാശ് ആരോപിച്ചു. പരാതി ഉന്നയിച്ചെങ്കിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ ആശ്വസിപ്പിച്ചു മടക്കി അയച്ചു. ഇതോടെ യുവാക്കൾ അടക്കം വിദഗ്ധ സംഘത്തെ താൻ മണ്ഡലത്തിൽ വിന്യസിച്ചു. പിന്നീട് തെളിവ് സഹിതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് കളക്ടർ വഴി ശക്തമായ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ 52,000ത്തിൽ അധികം കള്ളവോട്ടുകൾ രേഖപ്പെടുത്തുന്നത് തടയാന്‍ സാധിച്ചെന്നും എംപി ചൂണ്ടിക്കാട്ടി.
മണ്ഡലത്തില്‍ കള്ള വോട്ടുകളുള്ള കാര്യം രാഹുൽ ഗാന്ധിയേയും ബോധ്യപ്പെടുത്തിയിരുന്നതായി അടൂർ പ്രകാശ് പറഞ്ഞു. ഇതിനെ തുടർന്നാണ് വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ഇപ്പോഴുള്ള നീക്കം. ഇക്കാര്യങ്ങൾ എല്ലാം പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ബോധ്യപ്പെടുത്താനും ശ്രമിച്ചു. പലതവണ മെയിൽ അയച്ചിട്ടും കമ്മീഷൻ സമയം തന്നിട്ടില്ലെന്നും അടൂർ പ്രകാശ് അറിയിച്ചു.