സിനിമാ കോൺക്ലേവിലെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ. അടൂരിന്റെ ദളിത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. അടൂരിനെ പോലൊരു കലാകാരനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണത്. കേരളത്തെ പിറകോട്ട് നയിക്കുന്ന ഇത്തരം പ്രസ്താവനകൾ ദൗർഭാഗ്യകരമെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
സിനിമാ കോൺക്ലേവിലും അതിനെ തുടർന്നും അടൂർ ഗോപാലകൃഷ്ണൻ നടത്തിയ ദളിത് വിരുദ്ധ - സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്.
അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള പ്രതിഭാധനനും സാമൂഹ്യ അംഗീകാരവുമുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായിരിക്കുന്നത്.
ദളിത് സ്ത്രീ മുന്നേറ്റങ്ങൾക്ക് വേണ്ടി നയങ്ങൾ സ്വീകരിക്കുകയും അതിനു വേണ്ട നടപടികൾ എടുക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാറിൻ്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് അടൂർ ഗോപാലകൃഷ്ണൻ കോൺക്ലേവിൽ നടത്തിയതും പിന്നീട് ആവർത്തിക്കുന്നതും.
ജാതി-മത-പുരുഷാധിപത്യ ചിന്തകളെ ജനാധിപത്യത്തിൻ്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും വഴിയിലൂടെ പ്രതിരോധിച്ച കേരളത്തെ പിറകോട്ട് നയിക്കുന്ന ഇത്തരം പ്രസ്താവനകൾ ദൗർഭാഗ്യകരമാണ്.
അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവന പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അതേസമയം, അടൂരിൻ്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് സാമൂഹ്യപ്രവർത്തകരായ ടി.എസ്. ശ്യാംകുമാറും ധന്യരാമനും നേരത്തെ രംഗത്തെത്തിയിരുന്നു. ഇരുവരും തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ എസ്‌എൻടിപി ഹാളിൽ നടക്കുന്ന അടൂർ സാഹിത്യോത്സവമാണ് ഇരുവരും ബഹിഷ്കരിച്ചത്.
തൻ്റെ ജനതയെയും തൊഴിലാളികളെയും ജാതി അധിക്ഷേപം നടത്തിയ അടൂർ ഗോപാലകൃഷ്ണനാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത്. അതിനാൽ പരിപാടി ബഹിഷ്കരിക്കുന്നുവെന്ന് ശ്യാംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. അടൂർ സാഹിത്യോത്സവത്തിൽ കറുപ്പിന്റെ രാഷ്ട്രീയം എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ശ്യാം കുമാർ പിന്മാറിയത്. അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടകൻ അതുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ധന്യാ രാമനും ഫേസ്ബുക്കിൽ കുറിച്ചു.