'ഇന്നത്തെ വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്'; കാന്തപുരത്തിന്റെ ഇടപെടല്‍ അറിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് അഭിഭാഷകന്‍

'നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു അജ്ഞരാണെ ഇന്നത്തെ വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്'
KR Subhash Chandran FB post, Nimisha Priya, Kanthapuram Aboobakkar Musliar
കാന്തപുരം അബൂബക്കർ മുസ്ലിയാർ, നിമിഷപ്രിയ, കെ. ആർ. സുഭാഷ് ചന്ദ്രൻSource: Facebook/ Subhash Chandran K R
Published on

കൊച്ചി: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മധ്യസ്ഥത വഹിച്ചതായി അറിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ ഹെഡുമായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍.

നിമിഷപ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

KR Subhash Chandran FB post, Nimisha Priya, Kanthapuram Aboobakkar Musliar
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മുസ്ലിയാർ മധ്യസ്ഥത വഹിച്ചതായി വിവരമില്ല: വിദേശകാര്യ മന്ത്രാലയം

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വ. കെ.ആര്‍. സുഭാഷ് ചന്ദ്രന്റെ വിമര്‍ശം. വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങള്‍ അജ്ഞരാണെ ഇന്നത്തെ വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചരിത്രം ഇങ്ങനെ നിവര്‍ന്നു നിന്ന് വസ്തുതകള്‍ ഓര്മപ്പെടുത്തുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലായാലും നാളെ സൂപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകള്‍ കാലത്തിന്റെ വിചാരണക്ക് വിധേയമക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അത് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്.

വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ ഗവണ്മെന്റും എംബസിയും തന്നാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉള്‍പ്പടെയുള്ള പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത്. നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷന്‍ കൌണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2022 മാര്‍ച്ച് 15 നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ യെമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പു നല്‍കുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള പിന്തുണ നല്‍കാമെന്നും ഹൈക്കോടതി മുന്‍പാകെ ഉറപ്പുനല്‍കുകയും സര്‍ക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ചു കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.

തുടര്‍ന്ന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും അമ്മയുടെ യാത്രാനുമതി സര്‍ക്കാര്‍ നിഷേധിച്ചു. തുടര്‍ന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും 2023 നവംബര്‍ 16 ന് അമ്മയുടെ യാത്രാനുമതിയില്‍ ഒരാഴ്ചക്കക്കം തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കി കേസ് തീര്‍പ്പാക്കി. കോടതി നിര്‍ദേശപ്രകാരം യാത്രക്കായി സമര്‍പ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. തുടര്‍ന്ന് മൂന്നാമതും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നിമിഷയുടെ മാതാവ് പ്രേമകുമാരിക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തള്ളി കോടതി 2023 ഡിസംബര്‍ 12ന് യാത്രാനുമതി നല്‍കുകയായിരുന്നു.

വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങള്‍ അജ്ഞരാണെ ഇന്നത്തെ വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്

ചരിത്രം ഇങ്ങനെ നിവര്‍ന്നു നിന്ന് വസ്തുതകള്‍ ഓര്മപ്പെടുത്തുമ്പോള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലായാലും ഇനി നാളെ സൂപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകള്‍ കാലത്തിന്റെ വിചാരണക്ക് വിധേയമക്കപ്പെടുക തന്നെ ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com