തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുതകർമ സേനാ പ്രവർത്തനം ആരംഭിച്ചു.
ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പന്നി മാംസം വിതരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.