ഇടുക്കി: അടിമാലിയിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ലക്ഷം വീട് കോളനിക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഒരു കുടുംബം കുടുങ്ങിക്കിടക്കുകയാണ്. ബിജു, ഭാര്യ സന്ധ്യ എന്നിവരാണ് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ ജെസിബി എത്തിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ആറ് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു. ഒരു വീട് പൂർണമായും തകർന്ന നിലയിലാണ്. മണ്ണിനടിയിൽ നിന്ന് ശബ്ദം കേട്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
22 കുടുംബങ്ങളാണ് അവിടെയുണ്ടായിരുന്നത്. അവരെ നേരത്തെ അടിമാലി ഗവ. സ്കൂളിലെ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജിയോളജി വിഭാഗമെത്തി നടത്തിയ പരിശോധനയിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.