പാലക്കാട്: ചിലരെ തേടി ഭാഗ്യം പല തവണയെത്തും. ഒറ്റപ്പാലത്തെ വി.രാജൻ ലോട്ടറി ഏജൻസിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി 'ഭാഗ്യധാര'യാണ്. നാല് മാസങ്ങൾക്കിടെ അഞ്ചുതവണയാണ് ഏജൻസിക്ക് ഒരു കോടിയുടെ ഭാഗ്യതാര ലോട്ടറിയിൽ നറുക്ക് വീണത്. എന്നാൽ ഇത്തവണ ലഭിച്ചത് രണ്ടാം സമ്മാനത്തിലാണ്. ഭാഗ്യതാരാ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപയാണ് തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ വി. രാജൻ ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചത്.
രാജൻ ചേട്ടൻ ഫുൾ എനർജിയിലാണ്. മാസങ്ങളുടെ വ്യത്യാസത്തിൽ അഞ്ചുതവണ സംസ്ഥാന സർക്കാരിന്‍റെ ഭാഗ്യകുറികളുടെ ഒന്നാം സമ്മാനം അടിച്ചത് ഇവിടെയാണ്. അങ്ങനെ ബമ്പർ അടിച്ച് നിക്കുമ്പോഴാണ്, വീണ്ടും ഒറ്റപ്പാലത്തെ വി. രാജൻ ലോട്ടറി ഏജൻസിയെ ഭാഗ്യം തേടിയെത്തുന്നത്.
തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരാ ടിക്കറ്റിലെ രണ്ടാം സമ്മാനമാണ് വി. രാജൻ ലോട്ടറി ഏജൻസിയിൽ വിറ്റഴിച്ച ടിക്കറ്റിന് ലഭിച്ചത്. ബിജെ 142101 എന്ന നമ്പറിനായിരുന്നു രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. കടയിൽ നിന്ന് നേരിട്ട് വിറ്റ ടിക്കറ്റിനാണ് നറുക്ക് വീണത്. ഇതോടെ മറ്റു ജില്ലകളിൽ നിന്നുപോലും ലോട്ടറി എടുക്കാനായി മാത്രം ആളുകൾ ഇങ്ങോട്ടേക്ക് എത്തി തുടങ്ങിയെന്ന് രാജന്‍ പറയുന്നു.