കൃഷി മന്ത്രി മാത്രമല്ല മികച്ചൊരു കർഷകൻ കൂടിയാണ് മന്ത്രി പി പ്രസാദ്. ചേർത്തലയിലെ മന്ത്രിയുടെ വീട്ടിലെ കൂൺകൃഷി വിളവെടുത്തപ്പോൾ നൂറ് മേനിയാണ് ഫലം. പ്രത്യേകം തയാറാക്കിയ ഷെഡിൽ ആയിരുന്നു ചിപ്പിക്കൂൺ കൃഷി നടത്തിയത്.
ചേർത്തലയിലെ വീട്ടുവളപ്പിൽ പതിവ് ഓണക്കൃഷിയായ പൂവിൽനിന്നു മാറി കൂൺകൃഷിയാണ് മന്ത്രി പി. പ്രസാദ് ഇത്തവണ പരീക്ഷിച്ചത്. 500 ബഡ് ചിപ്പിക്കൂൺ ആണ് വീടിന്റെ മുന്നിൽ പ്രത്യേകമായി തയ്യാറാക്കിയ ഷെഡിൽ കൃഷി ചെയ്തത്.
സംസ്ഥാനത്ത് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനായി കൂൺ ഗ്രാമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . ഇതിന്റെ കൂടെ ഭാഗമായാണ് മന്ത്രിയും കൂൺ കൃഷി നടത്താൻ തീരുമാനിച്ചത്. കൂൺ കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കർഷകർക്ക് എല്ലാം പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക വിപണിയിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കൂൺ ഉൽപ്പന്നങ്ങളും എത്തിക്കും. ഹിമാചൽ പ്രദേശിലെ സോണലിൽ ആദ്യം അഞ്ച് കർഷകരെ അയച്ച് പരിശീലനം നേടിയ ശേഷമാണ് കേരളത്തിൽ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതെന്നും അടുത്ത സംഘത്തെ ഉടൻ അയക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ ഉൽപാദിപ്പിക്കുന്ന കൂൺ പ്രാദേശിക വിപണിയിലാണ് വിറ്റ് അഴിക്കുന്നത്.