"ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണം"; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എഐവൈഎഫ്

"ആഭാസകരവും മനുഷ്യത്വവിരുദ്ധവുമായ പരാമർശങ്ങളാണ് നടത്തിയിട്ടുള്ളത്. നാവു പിഴയായി കാണാൻ കഴിയില്ല"
Massive protest over T.G. Mohandas' remarks against CJP
ടി.ജി. മോഹൻദാസ്
Published on
Updated on

ജന്തര്‍ മന്തറിലെ സമരക്കാരെ അധിക്ഷേപിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്ന് പരാതിക്കാരനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായി ടി.ടി. ജിസ്മോന്‍. സംഘപരിവാർ സംഘടനകൾക്ക് വിദ്യാർഥി സമരത്തോട് കടുത്ത അസഹിഷ്ണുതയാണ്. മോഹൻദാസിന്റെ പരാമർശം നാവു പിഴയായി കാണാൻ കഴിയില്ല. ആഭാസകരവും മനുഷ്യത്വവിരുദ്ധവുമായ പരാമർശങ്ങളാണ് നടത്തിയിട്ടുള്ളത്. കലാപത്തിനുള്ള ആഹ്വാനം എന്ന തിരിച്ചറിവു കൊണ്ടാണ് പരാതി നൽകിയത്. മോഹൻദാസ് മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മോഹൻദാസിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാളെ മുതൽ എഐവൈഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. എഐവൈഎഫ് നേതൃത്വത്തിൽ നാളെ മോഹൻദാസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും ജിസ്മോന്‍ പറഞ്ഞു.

നേരത്തെ, മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തിയിരുന്നു. മോഹൻദാസിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നാണ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. മോഹൻദാസിന്റേത് വ്യകതിപരമായ അഭിപ്രായമാണ്. ആർഎസ്എസ് അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ വ്യകതമാക്കിയിരുന്നു. അതേസമയം, മോഹന്‍ദാസിനെ തള്ളിപ്പറയാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു വി. മുരളീധരൻ ഉൾപ്പെടെ നേതാക്കളുടെ പ്രതികരണം.

Massive protest over T.G. Mohandas' remarks against CJP
"സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ"; സിജെപിക്കെതിരായ ടി.ജി. മോഹൻദാസിൻ്റെ പരാമർശത്തിൽ വൻ പ്രതിഷേധം

പത്രിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മോഹൻദാസിൻ്റെ പ്രകോപനപരമായ പരാമർശം. ജന്തർമന്തറിലെ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ വെടിവെച്ചു കൊല്ലണമെന്നും എന്നിട്ട് ശവങ്ങൾ പെറുക്കി മാറ്റണം എന്നായിരുന്നു മോഹൻദാസിൻ്റെ വാക്കുകൾ.

"എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും" -മോഹൻദാസ് പറഞ്ഞു.

നരേന്ദ്ര മോദി ഗുജറാത്ത് കലാപം അടിച്ചമർത്തിയത് പോലെ ഇത്തരം സമരങ്ങളെ നേരിടണമെന്നും അദ്ദേഹം ന്യായീകരിച്ചു. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരമാർശം നടത്തിയ മോഹൻദാസിനെതിരെ വ്യാപക വിമർശനമാണ് ഉയര്‍ന്നിരിക്കുന്നത്. ജിസ്‌മോന്റെ പരാതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.

News Malayalam 24x7
newsmalayalam.com