

ആലപ്പുഴ: ആരും തിരിഞ്ഞു നോക്കാനില്ലാത്തതിനെ തുടർന്ന് ആലപ്പുഴ ഡെൻ്റൽ കോളേജ് നാശത്തിൻ്റെ വക്കിൽ. 2025 ഓഗസ്റ്റിൽ ഉദ്‌ഘാടനം കഴിഞ്ഞ മൂന്നുനില കെട്ടിടത്തിൻ്റെ രണ്ടു നിലകളിൽ വൈദ്യുതീകരണം പോലും പൂർത്തിയായില്ല. ഊർജപ്രതിസന്ധി രൂക്ഷമായതോടെ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയിലാണ്.
2014 ൽ താൽക്കാലിക കെട്ടിടത്തിലാണ് ഡെൻ്റൽ കോളേജിന് ആലപ്പുഴയിൽ തുടക്കമാകുന്നത്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഇതിനിടെ സ്വന്തം കെട്ടിടത്തിലേക്ക് മാറാത്തതിനെത്തുടർന്ന് അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.
തുടർന്ന് വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഒടുവിലാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഡെൻ്റൽ കോളേജ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഉദ്ഘാടനത്തിൽ പക്ഷെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ല. പ്രവർത്തനം ആരംഭിച്ചു ഒരു വർഷമായിട്ടും മൂന്നുനില കെട്ടിടത്തിൻ്റെ ഒന്നാമത്തെ നിലയിൽ മാത്രമാണ് വൈദ്യുതി ഉള്ളത്.
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ രണ്ടാം നിലയിലുൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന വില കൂടിയ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നുവെന്നാണ് ആക്ഷേപം. രണ്ടാം നിലയിലേക്ക് ഉള്ള ലിഫ്റ്റ് അടക്കം പ്രവർത്തനരഹിതമാണ്.
താഴത്തെ നിലയിൽ നിന്നും താൽക്കാലിക സംവിധാനങ്ങളിലൂടെ മുകളിലെ നിലകളിലേക്ക് വൈദ്യുതി എത്തിച്ചാണ് അത്യാവശ്യ ചികിത്സകൾ നൽകുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപേ വാങ്ങിവെച്ച സിബിസിടി യന്ത്രം ഉൾപ്പെടെ പ്രവർത്തനരഹിതമാണ്. പൂർണമായും എയർ കണ്ടീഷനായി നിർമിച്ച കെട്ടിടത്തിൽ കാറ്റും വെളിച്ചവും കയറില്ല. എസി ഇല്ലാത്തതിനാൽ ചികിത്സയ്‌ക്കെത്തുന്നവരും കൂട്ടിരുപ്പുകാരും കൊടുംചൂടിൽ വെന്തുരുകുന്ന അവസ്ഥയിലാണ്.
ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫിൻ്റെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ആശുപത്രിയിൽ കാൻ്റീൻ സൗകര്യം ഇല്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. ആഹാരം കഴിക്കണമെങ്കിൽ ദേശീയ പാതയയോരത്തെ ഭക്ഷണശാലകളിൽ എത്തേണ്ട അവസ്ഥയാണ്. നിർമാണ തുക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ നൽകിയ പരാതിയിൽ ഹൈക്കോടതിയിൽ നിലവിലുണ്ട്. നിയമകുരുക്കുകൾ അഴിക്കുമ്പോഴേക്കും ഏറിയ പങ്ക് ഉപകരണങ്ങളും കാലഹരണപ്പെട്ടേക്കുമെന്നാണ് വിമർശനം ഉയരുന്നത്.