ആലപ്പുഴ: ബിഡിജെഎസിനെ ഇടതുമുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. ഇടതുപക്ഷത്തോടൊപ്പം പോകാൻ ആഗ്രഹമുള്ള ഒരു വിഭാഗം ബിഡിജെഎസിലുണ്ട് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. ബിഡിജെഎസ് നയപരമായ മാറ്റം വരുത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുമായി ചർച്ചയ്ക്ക് ഒരുങ്ങിയാൽ തീരുമാനം ഉണ്ടാകുമെന്ന് ആർ. നാസർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ട് എൻഡിഎയും ബിഡിജെഎസും തമ്മിലുണ്ടായ തർക്കം മറനീക്കി പുറത്തുവരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്ത് ബിഡിജെഎസ് സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബിജെപിക്കൊപ്പം നിന്നിട്ടും ബിഡിജെഎസ് വേണ്ട പരിഗണന ലഭിച്ചിട്ടില്ല എന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണ്.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ നയമാറ്റത്തിന് ഒരുങ്ങി ചർച്ചയ്ക്ക് തയ്യാറായാൽ ബിഡിജെസിനെ ഇടതുമണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി 300 സീറ്റുകളിൽ മത്സരിച്ചിട്ടും പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ബിഡിജെഎസിന് ജയിച്ചു കയറാൻ കഴിഞ്ഞത്. ബിജെപിയുടെ സഹകരണം ഇല്ലാത്തതുകൊണ്ടാണ് കനത്ത പരാജയം നേരിട്ടതെന്ന് ബിഡിജെഎസ് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അതിനിടയിലാണ് ഇടതുപക്ഷത്തേക്കുള്ള ബിഡിജെഎസ് ചായവ് ചർച്ചയാവുന്നത്.