Alappuzha
ആലപ്പുഴ നഗരസഭാ കാര്യാലയം Source: News Malayalam 24x7

ഭരണം നിലനിർത്താൻ എൽഡിഎഫ്, അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫ്; ആലപ്പുഴ നഗരസഭാ ഇക്കുറി ആർക്കൊപ്പം?

നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയും തെരഞ്ഞെടുപ്പിനെ കാണുന്നത്.
Published on

ആലപ്പുഴ: യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ആലപ്പുഴ നഗരസഭാ ഭരണം ഇക്കുറിയും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം . എന്നാൽ കൈവിട്ട് പോയ അധികാരം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് . നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

52 വാർഡുകൾ ഉള്ള ആലപ്പുഴ നഗരസഭയിൽ 35 സീറ്റ് നേടിയാണ് ഇടതുമുന്നണി കഴിഞ്ഞ തവണ യുഡിഎഫിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചെന്നാണ് ഭരണസമിതിയുടെ അവകാശവാദം. ശുദ്ധജലം, കനാലുകളുടെ നവീകരണം, പാലങ്ങൾ, മാലിന്യ സംസ്കരണം അടക്കം ഭൂരിഭാഗം തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും പാലിച്ചെന്ന് ഭരണസമിതി പറയുന്നു.

വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും എൽഡിഎഫിൻ്റെ പ്രചരണം. ഇത്തവണ സീറ്റ് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയും എൽഡിഎഫിനുണ്ട് . ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും വോട്ട് ഉയർത്തിയെങ്കിലും അത് തദ്ദേശ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ.

Alappuzha
പേരൂർക്കട എസ്എപി ക്യാമ്പിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മേലുദ്യോഗസ്ഥനെതിരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ ജോലി ചെയ്യുന്നയാൾ

എന്നാൽ യുഡിഎഫ് തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കുകയല്ലാതെ പുതിയതായി ഒന്നും എൽഡിഎഫ് ഭരണകൂടം ചെയ്തിട്ടില്ലെന്നാണ് യുഡിഎഫിൻ്റെ ആരോപണം. കഴിഞ്ഞ തവണ പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് ഭരണം നഷ്ടപ്പെടാൻ കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ആയതിനാൽ ഇത്തവണ കെ. സി. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ വിഭാഗീയത അവസാനിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ സ്ഥാനാർഥികളെ അണിനിരത്തിയാൽ ഭരണം തിരികെ പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കിയെന്നത് ഒഴിച്ചാൽ നഗരസഭ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിജെപി വാദം. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം ലഭിച്ചവർ പാർട്ടിക്കൊപ്പം നിൽക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ ചോർച്ച പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ബിജെപി വിലയിരുത്തു.

News Malayalam 24x7
newsmalayalam.com