
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കൊടല്‍ നടക്കാവില്‍ ദേശീയപാത വികസനത്തില്‍ പഞ്ചായത്തിന് വീഴ്ച സംഭവിച്ചതായി നാട്ടുകാര്‍. റോഡിന് പന്ത്രണ്ട് മീറ്റര്‍ വീതിയാണ് ഉണ്ടാവുകയെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് അറിയിപ്പ് നല്‍കിയതായും, പിന്നീട് റോഡിന്റെ വീതി 18 മീറ്റര്‍ ആക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിനായി നിലവില്‍ എഴുപതോളം വീടുകളും 86-ഓളം കടകളും പൊളിച്ച് നീക്കേണ്ട അവസ്ഥയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്നിയങ്കരയില്‍ നിന്നും ഒളവണ്ണ കൊടല്‍ നടക്കാവില്‍ പ്രവേശിക്കുന്ന റോഡിന്റെ വീതി കൂട്ടി നവീകരിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. അന്ന് പന്ത്രണ്ട് മീറ്റര്‍ വീതിയാണ് റോഡിന് ഉണ്ടാവുകയെന്നായിരുന്നു അറിയിപ്പ്. ഇത് പ്രകാരം പുതുതായി വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് പന്ത്രണ്ട് മീറ്റര്‍ കണക്കാക്കി അനുമതിയും പഞ്ചായത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ റോഡിന്റെ വീതി 18 മീറ്റര്‍ ആണെന്ന വിവരം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ അറിയിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
നിലവില്‍ എഴുപതോളം വീടുകളും 86- ഓളം കടകളും പൊളിച്ച് നീക്കേണ്ട അവസ്ഥയാണ്. റോഡിന്റെ വീതി സംബന്ധിച്ച് അറിവുണ്ടായിട്ടും12 മീറ്ററില്‍ പുതിയ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
റോഡ് നിര്‍മ്മാണത്തിന് എല്ലാ പിന്തുണയും നല്‍കിയ നാട്ടുകാരെ കബളിപ്പിക്കുന്ന നടപടിയാണ് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. അതേസമയം, റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടി വരുന്നവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.