കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണത്തിൽ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് കേസെടുത്തത്. വ്യാജ അക്കൗണ്ടിൽ നിന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് വ്യാജ പ്രചാരണമെന്ന നിലപാടിലാണ് ലീഗ്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പോസ്റ്റിന് പിന്നിലുളള ദുഷ്ടശക്തികളെ പിടികൂടാൻ അടിയന്തര നടപടി ആവശ്യപ്പെട്ടതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ആരോപണം ഉയർന്നത്. പരാതി പറയാനെത്തിയ തന്റെ ഫോണിലേക്ക് സാദിഖലി ശിഹാബ് തങ്ങൾ അശ്ലീല ചിത്രങ്ങൾ അയക്കുകയും മോശമായി സന്ദേശങ്ങളയക്കുകയും ചെയ്തെന്നായിരുന്നു കുറിപ്പിലെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയിൽനിന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിനെതിരെ പാർട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്.