തൃശൂർ: മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് പരതാി നൽകി യൂത്ത് കോൺഗ്രസ് മുൻ വനിതാ നേതാവ്. ക്രൈം ബ്രാഞ്ചും പൊലീസും കേസ് അട്ടിമറിച്ചെന്നും പുനരന്വേഷണം നടത്തണമെന്നും പരാതിക്കാരി പറഞ്ഞു. തൃശൂർ ഡിസിസി സെക്രട്ടറി ശോഭ സുബിൻ, മുൻ യൂത്ത് കോൺഗ്രസ് നേതാക്കളായ സുമേഷ് പാനാട്ടിൽ, ഫൈസൽ തുടങ്ങിയവർക്കെതിരെയാണ് യുവതി പരാതി നൽകിയത്.
കേസ് അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരിയായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒരു സ്ത്രീയും കഴമ്പില്ലാത്ത പരാതിയുടെ പുറത്ത് പോരാട്ടം നടത്തില്ലെന്ന് പരാതിക്കാരി അറിയിച്ചു. കേസ് തള്ളിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, കോടതിയിൽ നിന്ന് സമൻസോ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.
എന്നാൽ വാട്സാപ്പിനും ടെലഗ്രാമിനും നോട്ടീസ് അയച്ചെങ്കിലും അവർക്ക് മറുപടി ലഭിച്ചിട്ടില്ലന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. തെളിവില്ലെങ്കിൽ അത് നൽകാൻ താൻ തയ്യാറാണെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടില്ല. തൻ്റെ പരാതി മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും പാർട്ടി നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. ഏറ്റവും ഒടുവിൽ കെപിസിസി പ്രസിഡൻ്റിനെ ഫോൺ മുഖേന പരാതി അറിയിച്ചപ്പോളും നിരാശയുണ്ടാക്കുന്ന മറുപടിയാണ് ലഭിച്ചതെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു.