കാസർഗോഡ്: കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണവുമായി യൂണിറ്റ് ഭാരവാഹികൾ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ ജില്ലാ കമ്മിറ്റി പിരിച്ച പണം കോളേജുകൾക്ക് നൽകിയില്ലെന്നാണ് പരാതി. കെഎസ്‌യുവിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കോളേജ് യൂണിറ്റ് ഭാരവാഹികൾ പരാതിയുമായി രംഗത്ത് വന്നത്.
കാസർഗോഡ് കെഎസ്‌യു ജില്ലാ കമ്മിറ്റിയിലെ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട 'KSU കാസർഗോഡ് കൂട്ടായ്മ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഫണ്ട് തിരുമറിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയർന്നത്. കെഎസ്‌യു ജില്ലാ കമ്മിറ്റി പലയിടങ്ങളിൽ നിന്നും പിരിച്ച പണം യൂണിറ്റ് കമ്മിറ്റികൾക്ക് സംഘടനാ പ്രവർത്തന ഫണ്ട് നിലയിൽ വിതരണം ചെയ്യാതെ അട്ടിമറിച്ചു എന്നാണ് ആക്ഷേപം. പാർട്ടി നേതാക്കളുള്ള വിവിധ സഹകരണ ബാങ്കുകളിൽ നിന്നടക്കം ജില്ലാ കമ്മിറ്റി നേരിട്ട് ഫണ്ട് പിരിവ് നടത്തി. എന്നാൽ പണം കോളേജ് യൂണിറ്റ് കമ്മറ്റികൾക്ക് പ്രവർത്തന ഫണ്ട് നൽകിയില്ല. രാജപുരത്തെ സ്വകാര്യ കോളജിലെ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനത്തിന് എന്ന പേരിൽ 25,000 രൂപ പിരിച്ചെങ്കിലും നൽകിയത് 10,000 രൂപ മാത്രമാണ്. ബാക്കി പണം എവിടെയെന്നുമാണ് ഭാരവാഹികളുടെ ചോദ്യം.
രാജപുരം സെൻ്റ് പയസ് കോളേജ് യൂണിറ്റ് കമ്മറ്റിക്ക് 25,000 രൂപ കെഎസ്‌യു ജില്ലാ നേതൃത്വം നൽകിയെന്ന് പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് യൂണിറ്റ് ഭാരവാഹികൾ പറയുന്നു. കോൺഗ്രസ് മണ്ഡലം കമ്മറ്റി നൽകിയ 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ജില്ലാ നേതൃത്വം നൽകി എന്ന് പറയുന്ന പണം എവിടെപ്പോയെന്നാണ് യൂണിറ്റ് ഭാരവാഹികൾ ചോദിക്കുന്നത്.
എന്നാൽ ജില്ലാ കമ്മിറ്റിക്കെതിരായ ആരോപണങ്ങൾ പൂർണമായും നിരാകരിച്ചു കൊണ്ട് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ രംഗത്ത് വന്നു. പിരിച്ച പണം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജവാദ് പറഞ്ഞു.
എന്നാൽ ഉദുമ ഗവൺമെൻറ് കോളേജ്, മുന്നാട് പീപ്പിൾസ് കോളേജ്, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹികളും പരാതിയുമായി സംസ്ഥാന കമ്മറ്റിയെ സമീപിച്ചതായാണ് സൂചന. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തമ്മിലുള്ള അധികാര തർക്കളുടെ തുടച്ചയുടെ കൂടെ ഭാഗമാണ് ഫണ്ട് വിവാദം എന്നും വിവരങ്ങളുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച ചോർത്തി മാധ്യമങ്ങൾക്ക് നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നാണ് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ തീരുമാനം.