ആത്മവിശ്വാസമാണ് ഈ മിടുക്കന്റെ കൈമുതല്‍; സ്വാതന്ത്ര്യ ദിനത്തിൽ എവറസ്റ്റിന് മുകളില്‍ പതാക ഉയർത്താന്‍ ലക്ഷ്യമിട്ട് അമന്‍

പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാൻ നയിക്കുന്ന 20 അംഗ മലയാളിസംഘത്തിന്റെ ഭാഗമായാണ് അമൻ അലിയുടെ സ്വപ്ന യാത്ര
അമന്‍ അലി
അമന്‍ അലിSource: News Malayalam 24x7
Published on

കോഴിക്കോട്: ശാരീരിക പരിമിതികൾ മറികടന്ന് എവറസ്‌റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ് ബേപ്പൂർ സ്വദേശിയായ പ്ലസ് ‌വൺ വിദ്യാർഥി അമൻ അലി. സ്വാതന്ത്ര്യ ദിനത്തിൽ എവറസ്‌റ്റ് ബേസ് ക്യാംപിൽ പതാക ഉയർത്തുക എന്നതാണ് ഈ കൊച്ചു മിടുക്കന്റെ ലക്ഷ്യം. ഒരു നാടൊന്നാകെ എവറസ്റ്റും കീഴടക്കി അമൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് .

ലോക്കോ മോട്ടോർ ഡിസബിലിറ്റി ബാധിച്ച അമന് ജന്മനാ കൈകളില്ല. കൈകൾക്കുപകരം തന്റെ ഇച്ഛാ ശക്തിയും ലക്ഷ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എവറസ്‌റ്റ് കീഴടക്കാൻ ഈ പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്രചോദനമാകുന്നത്. വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാംപിലെത്തി രാജ്യത്തിൻ്റെ ത്രിവർണ പതാക ഉയർത്തുകയാണ് അമൻ്റെ ലക്ഷ്യം.

ചെറുപ്പം മുതൽ ഫുട്ബോളിനോടായിരുന്നു അമന് താൽപ്പര്യം. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഫുട്ബോൾ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ശ്രദ്ധ ട്രെക്കിങ്ങിലേക്കായി. വയനാട് കുറുമ്പാലക്കോട്ടയിലേക്ക് നടത്തിയ ആദ്യ ട്രക്കിങ് അമന് നൽകിയത് മറക്കാനാവാത്ത അനുഭൂതിയായിരുന്നു.

അമന്‍ അലി
മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട് രൂപ ഡോക്ടര്‍'

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഗോകുലം എഫ്‌സി സംഘടിപ്പിച്ച 'മഴവില്ല്' എന്ന കായിക പരിശീലന ക്യാംപാണ് അമന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്. ക്യാംപിൽ വെച്ച് പരിശീലകൻ മുഹമ്മദ് ഷഹലിനോടാണ് അമൻ തൻ്റെ ആഗ്രഹം പങ്കുവെച്ചത്. അമന്റെ യാത്രയോടുള്ള ഇഷ്ടവും വയനാട്ടിലെ കുറുമ്പാലകോട്ട, ബാണാസുര ഹിൽ, കാറ്റ് കുന്ന്, സായ്പ് കുന്ന് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെയും ട്രക്കിങ്ങിന്റെയും വിവരങ്ങൾ കോച്ച് മുഹമ്മദ് ഷഹൽ സുഹൃത്തായ പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാനോട് പങ്കുവെച്ചു. ഇതാണ് ഇന്ന് അമന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ചവിട്ടുപടിയായത്.

പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാൻ നയിക്കുന്ന 20 അംഗ മലയാളിസംഘത്തിന്റെ ഭാഗമായാണ് അമൻ അലിയുടെ സ്വപ്ന യാത്ര. എവറസ്റ്റ് യാത്രയ്ക്കായുള്ള പണം കണ്ടെത്തുകയായിരുന്നു അമനും കുടുംബത്തിനും മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അമന്റെ കുടുംബത്തിന് സൈലം എജ്യുക്കേഷനും സന്തോഷ് ജോർജ് കുളങ്ങരയുമാണ് യാത്രയ്ക്കുള്ള സാമ്പത്തിക സഹായം നൽകിയത്. എവറസ്റ്റ് കീഴടക്കാനായി രണ്ടര മാസം മുമ്പ് തന്നെ അമൻ പരിശീലനം ആരംഭിച്ചു. തണുപ്പിനെ അതിജീവിക്കാൻ ഊട്ടിയിൽ പോയി പരിശീലിച്ചു.

അമന്‍ അലി
ശാരീരിക വെല്ലുവിളികളെ മറികടന്ന് കർണാടക സംഗീതത്തിൽ ബിരുദം; റിദാ മോൾക്ക് കരുത്തായി സംഗീതം

ബേപ്പൂർ അരക്കിണർ സ്വദേശിയായ എൻ കെ നൗഷാദ് അലി - റസിയ ദമ്പതികളുടെ മകനാണ് കോഴിക്കോട് റഹ്മാനിയ ഹയർ സെക്കൻഡറി വിദ്യാർഥിയായ അമൻ അലി. എൻ കെ ആഷ്നയാണ് സഹോദരി. സ്വപ്നങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ഉയരത്തിലേക്കുള്ള പാതയിലാണ് അമൻ ഇപ്പോൾ. കൂടെ പൂർണ പിന്തുണയുമായി നാടും കുടുംബവും ഒപ്പമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com