കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം സംഘടിപ്പിച്ചത് വിവാദ ദല്ലാൾ നന്ദകുമാറിൻ്റെ സഹായത്തോടെ. നന്ദകുമാറിന്റെ വെണ്ണല്ലയിലെ ക്ഷേത്രമായിരുന്നു മുഖ്യ സ്പോൺസർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. 'അമ്മ'യിൽ തർക്കങ്ങൾ മുറുകുന്നതിനിടെ വിവാദ സ്പോൺസർഷിപ്പിന്റെ നിർണായക വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അമ്മയുടെ ബൈ ലോ അനുസരിച്ച് സ്പോൺസർഷിപ്പ് പുറത്തുള്ളവരിൽ നിന്ന് വാങ്ങാനാകില്ല. 75 ലക്ഷം രൂപയായിരുന്നു നന്ദകുമാർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 30 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. ഇനിയും 40 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് അംഗങ്ങളിൽ നിന്ന് അറിയുന്നത്. കരാറിന് ചുക്കാൻ പിടിച്ചത് 'അമ്മ'യുടെ പ്രസിഡൻ്റ് ശ്വേതാ മേനോനും കരാറിൽ ഒപ്പുവച്ചത് കുക്കു പരമേശ്വരനുമാണ്.
കമ്മിറ്റികളിൽ കൂടിയാലോചന നടത്താതെയാണ് ഇത്തരത്തിൽ സ്പോൺസർഷിപ്പ് നൽകിയതെന്ന് അംഗങ്ങൾക്കിടയിൽ വിമർശനം ഉയരുന്നുണ്ട്. കുടുംബമേളയ്ക്ക് പിന്നാലെയാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിൽ വൻ തുക വെട്ടിപ്പ് നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഗീത പരിപാടിയുടെ പേരിലും വെട്ടിപ്പ് നടന്നെന്ന് ആക്ഷേപമുണ്ട്. കാറ്ററിങ്ങിൻ്റെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു ആരോപണം.