ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; കഴിഞ്ഞ വർഷം മാത്രം 47 മരണം, രോഗം ബാധിച്ചത് 201 പേർക്ക്
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. കഴിഞ്ഞ വർഷം മാത്രം രോഗം ബാധിച്ചത് 201 പേർക്കാണ്. 47 പേർ മരണത്തിന് കീഴടങ്ങിയതും മിക്ക കേസുകളിലും ഉറവിടം കണ്ടെത്താൻ കഴിയാത്തതും ആശങ്ക വർധിപ്പിക്കുന്നു.
97 ശതമാനം മരണനിരക്കുണ്ടെങ്കിലും അപൂർവമായി മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിൽ പക്ഷേ അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. 2016 മുതൽ 2024 വരെ ആകെ 45 കേസുകൾ ആയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു വർഷം രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 2024ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. കഴിഞ്ഞ വർഷം മാത്രം 201 പേർ രോഗബാധിതരായി. അതിൽ 47 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗം ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്നത് വടക്കൻ ജില്ലകളിലാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷം 77 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ എട്ടുപേർ മരിച്ചു. കുട്ടികളാണ് രോഗബാധിതരിൽ ഏറെയും എന്നതും ആശങ്ക ഉയർത്തുന്നു.
മരണനിരക്ക് കുറയ്ക്കാനായെങ്കിലും രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് വെല്ലുവിളി നേരിടുകയാണ്. രോഗം സ്ഥിരീകരിച്ച കേസുകളിൽ ഉറവിടം കണ്ടെത്താൻ കഴിയാത്തതും പ്രതിസന്ധിയാകുകയാണ്. മലിന ജലത്തിൽ കുളിക്കുന്നവർക്കാണ് രോഗമുണ്ടാകുക എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എന്നാൽ കിണർ വെള്ളം ഉപയോഗിച്ചവർക്കും തോട്ടിൽ കുളിച്ചവർക്കും രോഗം സ്ഥിരീകരിച്ചതോടെ ഭീതി വർദ്ധിച്ചു. ഈ വർഷവും രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

