

ചെട്ടിക്കാപാളയം: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി അമൃത കാർഷിക കോളേജ് , അരസംപാളയത്തെ അവസാന വർഷ വിദ്യാർത്ഥികൾ കോയമ്പത്തൂർ ജില്ലയിലെ കിണത്തുകടവ് ബ്ലോക്ക്, ചെട്ടിക്കാപാളയം ഗ്രാമത്തിൽ തെങ്ങുകൃഷിയുടെ വിവിധ മേഖലകളെക്കുറിച്ച് കർഷകർക്കായി ആവശ്യാധിഷ്ഠിത ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ കർഷകരുമായി സംവദിക്കുകയും തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട പ്രധാന കൃഷിരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്തു.
പോഷകപരിപാലനം, കീടനിയന്ത്രണം, ഇടവിളകൃഷി എന്നിവയ്ക്കാണ് പ്രധാനമായും ഊന്നൽ നൽകിയത്. പ്രദേശത്തെ കർഷകസമൂഹത്തിന്റെ ആവശ്യങ്ങളും നിലവിലുള്ള കാർഷിക രീതികളും അടിസ്ഥാനമാക്കിയാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. തെങ്ങിലെ പ്രധാന പോഷകമൂലകങ്ങളുടെ അഭാവലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള മാർഗങ്ങൾ, ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും മഞ്ഞ നിറത്തിലുള്ള ഒട്ടുപലകകൾ ഉപയോഗിച്ചും വെള്ളീച്ചകളെ പരിസ്ഥിതി സൗഹൃദമായി നിയന്ത്രിക്കുന്നതിനുള്ള രീതികൾ, തെങ്ങിൻതോട്ടങ്ങളിൽ അനുയോജ്യമായ ഇടവിളകൃഷി സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിൻ്റെ പ്രയോജനങ്ങൾ എന്നിവ ക്ലാസുകളിൽ ഉൾപ്പെടുത്തി.
ശാസ്ത്രീയമായ തെങ്ങുകൃഷിരീതികളെക്കുറിച്ച് കർഷകരുടെ അറിവ് വർധിപ്പിക്കുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ബോധവൽക്കരണ പരിപാടികളുടെ ലക്ഷ്യം. അമൃത കാർഷിക കോളേജ്, ഡീൻ ഡോ. സുധീഷ് മണാലിലിൻ്റെ മാർഗനിർദേശത്തിൽ ആൻ എലിസബത്ത്, അക്ഷയ്, ദേവമായ, കൃഷ്ണപ്രിയ, പ്രിതിന, ലക്ഷിത, തമന്ന, ജാനകി, കനിഷ്ക, കാർത്തിക്, പൂങ്കുഴലി എന്നീ വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസുകളുടെ സംഘാടനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുത്തു.