എറണാകുളം: സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിൽ കൂട്ടപ്പിരിച്ച് വിടൽ. താത്കാലിക നിയമനം നടത്തിയിരുന്ന 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ച് വിട്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. നാല് മാസം മുൻപാണ് ഇവരുടെ നിയമനം നടത്തിയിരുന്നത്.
'വീട്ടുപടിക്കൽ മൃഗചികിത്സ പദ്ധതി'യുടെ ഭാഗമായി നിയമനം നടത്തിയ 50 പേരെയാണ് പിരിച്ചുവിട്ടത്. 2025 - 26 കാലയളവിലെ ബജറ്റിൽ ഇവർക്കായി രണ്ട് കോടി രൂപ സർക്കാർ നീക്കിവച്ചിരുന്നു. നിലവിൽ 40,000 രൂപ ശമ്പളം, എന്നാൽ, കഴിഞ്ഞ നാല് മാസമായി ഇവർക്ക് ശമ്പളം നൽകിയിട്ടില്ല. ഇവരെ അടിയന്തരമായി പിരിച്ചുവിടണമെന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നുണ്ട്. ഒരു വർഷത്തെ കരാറിൽ നിയമനം നടത്തിയ ഇവരെ യാതൊരു കാരണവും കാണിക്കാതെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
ആവശ്യമെങ്കിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി പുതിയ റസിഡൻ്റുകളെ നിയമിക്കണമെന്നും അവരുടെ ശമ്പളം 30,000 ആക്കി കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.