

തിരുവനന്തപുരം: ആസൂത്രബോര്‍ഡ് പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ന്യൂസ് മലയാളത്തിന് അംഗീകാരം. അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാറിന്റെ പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അനിരു അശോകന് ലഭിച്ചത്. നവംബര്‍ മൂന്നിന് മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ലഭിക്കുക.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ന്യൂസ് മലയാളമാണ്. ആസൂത്രണ ബോര്‍ഡിലെ പിഎസ്സി പരീക്ഷാ പ്രക്രിയ ക്രമവിരുദ്ധമായാണ് നടന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ചീഫ് ഇന്‍ഡസ്ട്രി & ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ തസ്തികകളെ കുറിച്ചാണ് ആരോപണം.
പരീക്ഷയെഴുതിയ 228 ഉദ്യോഗാര്‍ഥികളുടെ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ല. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വര്‍ഷമായി ഉത്തരക്കടലാസുകള്‍ കൈമാറിയില്ല. മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ നിയമന ശുപാര്‍ശ നല്‍കി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നല്‍കാന്‍ അട്ടിമറി നടന്നെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപണമുയര്‍ത്തിയിരുന്നു.
പിന്നാലെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിലായിരുന്നു. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതിചേര്‍ത്തത്.