

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ പൊലീസ്. 351 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതിനാൽ സമരത്തിൽ പങ്കെടുത്തവരെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.
ഉത്തരമേഖല എഡിജിപി യതീഷ് ചന്ദ്ര ഇന്ന് സംഘർഷമുണ്ടായ സ്ഥലം സന്ദർശിച്ചേക്കും. അതേസമയം ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരൻ രാജിന്റെ പരാതിയിൽ സമരസമിതി പ്രവർത്തകരായ 28 ഓളം പേർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കമ്പി വടികളും, മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറിലുളളത്. പരിക്കേറ്റ രാജിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സംഘര്‍ഷത്തിന് പിന്നിൽ എസ്‌ഡിപിഐ ക്രിമിനലുകളെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിച്ചത് എസ്‌ഡിപിഐ ആക്രമികളാണ് എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുപോലും ക്രിമിനലുകൾ സംഘർഷം ഉണ്ടാക്കാൻ എത്തിയെന്നും സിപിഐഎം പ്രസ്താവനയിൽ പറയുന്നു.