

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത(45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
അങ്കണവാടി ജീവനകാരിയായിരുന്നു ഇവർ. പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മെയില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി.
രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിൻ്റെ ഉമിനീര് ഗ്രന്ധിയില്‍ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അത് അയാളുടെ രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങൾ
കൊതുക് കടിച്ച് നാല് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ചിലരിൽ രോഗം ഗുരുതരമാവുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനി കുറയ്ക്കാനായി പാരസെറ്റമോൾ ഉപയോഗിക്കാം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആസ്പിരിൻ, ഐബുപ്രോഫെൻ തുടങ്ങിയ മരുന്നുകൾ കഴിക്കരുത്. ഇത് രക്തസ്രാവത്തിന് കാരണമായേക്കാം.
പ്രതിരോധ മാർഗ്ഗങ്ങൾ:
വീടിനകത്തും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക.
കൊതുക് കടിയേൽക്കാതിരിക്കാൻ കൊതുക് വല ഉപയോഗിക്കുക, കൊതുക് നിവാരണ ലേപനങ്ങൾ പുരട്ടുക.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.